വിജയം കണ്ട ട്രാഫിക് പരിഷ്കരണത്തിനെതിരെ പ്രതിഷേധം; പുതിയതെരുവിൽ 'പുതിയ കുരുക്ക്"
കണ്ണൂർ: കുരുക്കിൽ പൊറുതി മുട്ടിയ പുതിയതെരുവിന്റെ കുരുക്കഴിക്കാൻ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വ്യാപാരികൾ. പ്രദേശത്ത് സ്ഥാപിച്ച ഡിവൈഡറുകൾ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. വ്യാപാരി വ്യവസായി സംരക്ഷണസമിതി രൂപീകരിച്ച് പഞ്ചായത്ത് ഒാഫീസിലേക്ക് പ്രകടനം നടത്തിയും കടയടച്ചും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇവർ.
പരിഷ്കരണത്തോടെ വ്യാപാരികളുടെ നടു ഒടിഞ്ഞു എന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. കച്ചവടം കുറയുകയും ചെയ്തു. പ്രതിഷേധയോഗം എം.എൽ.അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കച്ചവടക്കാർക്കും ജനങ്ങൾക്കും അനുകൂലമായ പരിഷ്കരണങ്ങൾ വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ കെ.വി.സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സമരക്കാരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയരുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് വ്യാപാരി വ്യവസായി സംരക്ഷണ സമിതി അറിയിച്ചിരിക്കുന്നത്. വ്യാപാരി സമരത്തിന് യു.ഡി.എഫ് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പരിഷ്കാരങ്ങൾ വിജയമെന്ന് ജനം
മൂന്ന് മാസം മുന്നേയാണ് പുതിയതെരുവിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിഷ്കാരങ്ങൾ വരുത്തിയത്. പരിഷ്കാരങ്ങൾ വലിയ വിജയം കണ്ടിരുന്നു. രണ്ടര മണിക്കൂറുകൾ വരെ നീണ്ട് നിന്നിരുന്ന കുരുക്കിനടക്കം പരിഹാരമായത് ഗതാഗത പരിഷ്കരണം നടപ്പിലാക്കിയതിന് ശേഷമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പതിറ്റാണ്ടുകളായി റെഡ് സോണിൽ ഉണ്ടായിരുന്ന പുതിയതെരു
പരിഷ്കരണങ്ങൾക്ക് ശേഷം ഗ്രീൻ സോണിൽ ആയി. ഒരു വിഭാഗം കച്ചവടക്കാരും യാത്രക്കാരും ജനങ്ങളും പരിഷ്കരണത്തെ പൂർണ്ണമായും സ്വാഗതം ചെയ്തിരുന്നു.പരിഷ്കാരത്തിനെതിരായി നടക്കുന്ന കുപ്രചരണങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ മുഖമുണ്ടെന്നാണ് അധികാരികൾ പറയുന്നത്.
പ്രധാനപ്പെട്ട സമയത്തെല്ലാം പുതിയതെരുവിൽ കുരുക്കാണ്. എം.എൽ.എ കെ.വി സുമേഷ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് എടുത്ത പരിഷ്കരണങ്ങളാണ് ഇത്. ആയിരക്കണക്കിനാളുകളാണ് ഇതിന്റെ ദുരിതം പേറുന്നത്. ഇതിനെ പ്രശംസിക്കുന്നത് സി.പി.എം അണികൾ മാത്രമാണ്. ഗുണ്ടയെപ്പോലെയാണ് എം.എൽ.എ പെരുമാറുന്നത്. പക്വതയും പാകതയും ഇല്ലാത്തയാളാണ് പഞ്ചായത്ത് പ്രസിഡന്റ്. അധികം ബുദ്ധിമുട്ടിക്കുകയാണെങ്കിൽ രാഷ്ട്രീയമായി സമരത്തെ നേരിടും-
വി.പി അബ്ദുൽ റഷീദ്,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
പരിഷ്കാരങ്ങൾ ജനങ്ങൾ പൂർണമായി അംഗീകരിച്ചതാണ്. എല്ലവർക്കും ഗുണം ചെയ്ത പരിഷ്കരണത്തെ രാഷ്ട്രീയ കുടിലബുദ്ധിയോടെ ഇല്ലാതാക്കാനുള്ള ചുരുക്കം ചിലരുടെ ആലോചനയാണ് ഇതിന് പിന്നിൽ. ഇന്ന് അൻപത് ശതമാനത്തിലേറെ കടകൾ രാവിലെ തന്നെ തുറന്നത് ഇവരുടെ സമരത്തിന് എതിരാണ് എന്നതിന്റെ ഉദാഹരണമാണ്. നേതാക്കാളുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയതാണ്. നാഷണൽ ഹൈവേ വരുന്നത് വരെയുള്ള താൽക്കാലിക സംവിധാനം മാത്രമാണ് ഇത്. വ്യാപാരികൾ ആവശ്യപ്പെട്ടതെല്ലാം പാലിച്ചു കൊണ്ടാണ് പരിഷ്കരങ്ങൾ നടപ്പിലാക്കിയത്-കെ.വി.സുമേഷ് എം.എൽ.എ
യൂത്ത് കോൺഗ്രസ്സിനെ പോലെ ഒരു യുവജന സംഘടയ്ക്ക് എങ്ങനെയാണ് പരിഷ്കരണങ്ങൾ എങ്ങനെയാണു തള്ളിപ്പറയാൻ കഴിയുന്നതെന്ന് മനസിലാകുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിനെയടക്കം അപമാനിക്കുന്ന നിലപാടാണ് യൂത്ത് കോൺഗ്രസിന്റേത്. ഇത് രാഷ്ട്രീയ ലാക്കാണ്. എം.എൽ.എ ക്കും അധികാരികൾക്കും പൂർണ പിന്തുണയാണ് ഡി.വൈ.എഫ്.ഐ നൽകുന്നത്.
അഡ്വ സരിൻ ശശി ഡി.വൈ.എഫ്.ഐെ ജില്ല സെക്രട്ടറി