ഹരിയാനയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി,​ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബി.ജെ.പിയിൽ ചേർന്നു

Saturday 07 September 2019 6:54 PM IST

ചണ്ഡീഗഡ് : ഹരിയാനയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാൻ ബി.ജെ.പിയിൽ ചേർന്നു. ജമ്മു കാശ്മീർ വിഷയത്തിലും മുത്തലാഖിലും കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ വിയോജിച്ചാണ് താൻ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതെന്ന് സുമിത്ര ചൗഹാൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ബരാല സുമിത്രയെ സ്വാഗതം ചെയ്തു. സംസ്ഥാനത്ത് മനോഹർലാൽ ഖട്ടറിന്റെ ഭരണത്തിൽ സന്തുഷ്ടയാണെന്നും അവർ വ്യക്തമാക്കി.

ഹരിയാനയിൽ പുതിയ സംസ്ഥാന അദ്ധ്യക്ഷയായി കുമാരി സെൽജയെ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്റി ഭൂപീന്ദർ സിംഗ് ഹൂഡയെ നിയമസഭയിൽ പാർലമെന്ററി പാർട്ടി നേതാവായും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മി​റ്റി ചെയർപേഴ്സണായും ചുമതല നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുമിത്ര ചൗഹാന്റെ രാജി.