ഹൈബ്രിഡ് കഞ്ചാവ്: നാലുപേരുടെ രഹസ്യമൊഴികൂടി രേഖപ്പെടുത്തി
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതി തസ്ളിമ സുൽത്താനുമായി (ക്രിസ്റ്റീന) അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നവർ ഉൾപ്പടെ നാലുപേരുടെ രഹസ്യമൊഴികൂടി രേഖപ്പെടുത്തി. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് 5നാണ് അവസാനിച്ചത്. തമിഴ്നാട്ടിൽ നിന്ന് തസ്ളിമയുടെ ഭർത്താവ് സുൽത്താന്റെ സഹായത്തോടെ കേരളത്തിലെത്തിച്ച കഞ്ചാവ് ഒളിപ്പിച്ച ഫ്ളാറ്റിന്റെ ഉടമ അമൃത,
കോൾ ലിസ്റ്റിലും സാമ്പത്തിക ഇടപാടുകളിലും ഉൾപ്പെട്ട പ്രസൂൺ, അബ്ദു, കാർ റെന്റിനെടുക്കാൻ ഉപയോഗിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമ മഹിമ എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കേസിലെ നിർണായക സാക്ഷികളായ അമൃതയുൾപ്പെടെയുളളവർ വിചാരണവേളയിൽ മൊഴി മാറ്റിപ്പറയുന്നതൊഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയത്.
പ്രധാന സാക്ഷിയായ നടൻ ശ്രീനാഥ് ഭാസിയുടെയും കഞ്ചാവ് കടത്താനുപയോഗിച്ച കാറിന്റെ ഉടമ ശ്രീജിത്തിന്റെയും മൊഴികൾ കോടതി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം, പ്രതിപ്പട്ടികയിലുള്ളവരുടെ കോൾ ലിസ്റ്റിലും സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ട കൂടുതൽപേരുടെ മൊഴികളുടെ അന്വേഷണ സംഘം രേഖപ്പെടുത്തിവരികയാണ്. ഇതുവരെ അമ്പതോളം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സുൽത്താന്റെ സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ ചിലർക്ക് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാൻ എക്സൈസ് നോട്ടീസും നൽകിയിട്ടുണ്ട്.