എന്റെ കേരളം പ്രദർശനമേളയിൽ ക്ലാസിക് മുതൽ ജനപ്രിയ സിനിമകൾ വരെ

Friday 09 May 2025 2:35 AM IST

ആലപ്പുഴ: ക്ലാസിക്ക്, ഹിറ്റ് സിനിമകളിലേക്ക് പ്രേക്ഷകരെ വീണ്ടും കൂട്ടിക്കൊണ്ടുപോവുകയാണ് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേള. തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ജനപ്രിയ സിനിമകൾ മുതൽ ലോകസിനിമയ്ക്ക് മലയാളം സമ്മാനിച്ച ക്ലാസിക് ചിത്രങ്ങൾ വരെയുള്ള അപൂർവ പ്രദർശനമാണ് മേളയിലെ മിനി തീയേറ്ററിൽ ഒരുക്കിയിരിക്കുന്നത്. ചെമ്മീനും കൊടിയേറ്റവും നിർമ്മാല്യവും സ്വയംവരവും പെരുന്തച്ചനും പോലുള്ള മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകൾ മുതൽ ഗോഡ്ഫാദറും കിരീടവും പ്രാഞ്ചിയേട്ടനും വരെയുള്ള ജനപ്രിയ സിനിമകൾ വരെ പ്രദർശനപ്പട്ടികയിലുണ്ട്. സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനാണ് (കെ.എസ്.എഫ്.ഡി.സി) മിനി തിയറ്റർ അനുഭവമൊരുക്കിയത്. 21.5 അടി നീളവും 11.5 അടി ഉയരവുമുള്ള എൽ.ഇ.ഡി സ്‌ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിർമ്മിച്ച താൽക്കാലിക മിനി തിയറ്ററിൽ ഒരേ സമയം എഴുപതോളം പേർക്ക് സിനിമ ആസ്വദിക്കാം. ഷാജി.എൻ.കരുൺ അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കുട്ടി സ്രാങ്ക് പ്രദർശിപ്പിച്ചു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ഒഴിമുറി, തനിയാവർത്തനം, ന്യൂസ് പേപ്പർ ബോയ്, എലിപ്പത്തായം, അനുഭവങ്ങൾ പാളിച്ചകൾ, കുമ്മാട്ടി, വൈശാലി, 1921, ഭൂതക്കണ്ണാടി, കാവ്യമേള, ബി 32 മുതൽ 44 വരെ, നിഷിദ്ധോ, നഖക്ഷതങ്ങൾ തുടങ്ങിയ ഒട്ടേറെ സിനിമകളാണ് 12 വരെ നടക്കുന്ന പ്രദർശനമേളയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ദിവസവും നാല് സിനിമകൾ വീതമാണ് പ്രദർശനം.