ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ കേസിലെ പ്രതി 5 വർഷത്തിന് ശേഷം പിടിയിൽ

Friday 09 May 2025 1:18 AM IST

പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ ഇടയ്‌ക്കോട് മേൽപുരം തട്ടാൻവിള സ്വദേശി വിഷ്ണു(27)ആണ് അറസ്റ്റിലായത്. കേസിൽ ജാമ്യത്തിലിറങ്ങിയതിനെ തുടർന്ന് തമിഴ്‌നാട് ഡിണ്ടിഗൽ മാർക്കണ്ടാപുരം എന്ന സ്ഥലത്ത് കാലിവളർത്തൽ ഫാമിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശന്റെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ മേൽനോട്ടത്തിൽ പാറശാല പൊലീസ് ഇൻസ്‌പെക്ടർ സജി.എസ്.എസ്,സബ് ഇൻസ്‌പെക്ടർ ദീപു.എസ്.എസ്, എസ്.സി.പി.ഒ മാരായ അജേഷ്, ഷാജൻ, സി.പി.ഒ മാരായ അഭിലാഷ്, രഞ്ജിത് പി.രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

2020, 2021വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി രണ്ട് കേസുകളിലും ജാമ്യം നേടിയശേഷമാണ് തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിലേക്ക് കടന്ന് പല സ്ഥലങ്ങളിലായി മാറിമാറി കഴിഞ്ഞത്.സംഭവങ്ങളിൽ ഒളിവിൽ കഴിയുന്ന മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഉടനെതന്നെ പ്രതികൾ പിടിയിലാകുമെന്നും നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി അറിയിച്ചു.

ഫോട്ടോ..വിഷ്ണു