ബഹുജന മാർച്ചും ധർണയും നടത്തും
കരിമണ്ണൂർ: കർഷകർക്കെതിരെ തെറ്റായ റിപ്പോർട്ട് നൽകിയ വണ്ണപ്പുറം വില്ലേജ് ഓഫീസറുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇന്ന് വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും സംഘടിപ്പിക്കും. കുടിയേറ്റ കർഷകർക്ക് പട്ടയം നൽകാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കാനുള്ള വനം- കപട പരിസ്ഥിതി- യു.ഡി.എഫ് കൂട്ടുകെട്ടിനെ ചെറുക്കുക, പട്ടയ നടപടി വേഗത്തിലാക്കുക, മുണ്ടൻമുടി നാരുംങ്ങാനം മേഖലയിൽ കൃഷിക്കാർക്കെതിരെ വനം വകുപ്പിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രാവിലെ 10ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് ധർണ ഉദ്‌ഘാടനംചെയ്യും. എൽ.ഡി.എഫ് നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, പി ,പി സുമേഷ്, കെ.എം സോമൻ, കെ.കെ ഭാസ്‌കരൻ, എൻ.കെ സത്യൻ, വി .ജെ ജോമോൻ, മനോജ് മാമല തുടങ്ങിയവർ സംസാരിക്കും.