ലിയോ പതിനാലാമൻ പുതിയ മാർപാപ്പ
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി അമേരിക്കൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ ( 69 ) തിരഞ്ഞെടുത്തു. ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാദ്ധ്യക്ഷനായ പ്രെവോസ്റ്റ് ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്നാകും അറിയപ്പെടുക. മാർപാപ്പ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് അദ്ദേഹം. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ തുടങ്ങിയ കർദ്ദിനാൾമാരുടെ കോൺക്ലേവിന്റെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് ലിയോ മാർപാപ്പയെ ആഗോള കത്തോലിക്ക സഭയുടെ 267 -ാം പരമാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ പാപ്പയെ തിരഞ്ഞെടുത്തെന്ന വിവരം ലോകം അറിഞ്ഞത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി. വെളുത്ത പുക പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മുതിർന്ന കർദ്ദിനാൾ ഡീക്കൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തി പുതിയ പാപ്പയെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചു. അതുവരെ ആകാംക്ഷ അടക്കി കാത്തുനിന്ന വിശ്വാസികൾ പ്രാർത്ഥനയോടെ ലിയോ മാർപാപ്പയെ വരവേറ്റു. ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം വിശ്വാസി സമൂഹത്തെ ആശിർവദിച്ചു. ബുധനാഴ്ചയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സിസ്റ്റീൻ ചാപ്പലിൽ തുടങ്ങിയത്. 133 കർദ്ദിനാൾമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ അനുവാദമുണ്ടായിരുന്നില്ല. മൂന്നിൽ രണ്ട് വോട്ട് (89 വോട്ട്) നേടുന്നയാളെയാണ് മാർപാപ്പയായി തിരഞ്ഞെടുക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയും ബെനഡിക്ട് പതിനാറാമനും കോൺക്ലേവിന്റെ രണ്ടാം ദിനമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ജോൺ പോൾ രണ്ടാമൻ മൂന്നാം ദിനമാണ് തിരഞ്ഞെടുക്കപ്പെട്ടത്.