ഗ്യാസ് ഏജൻസിയെ കബളിപ്പിച്ച് 72,000 രൂപ തട്ടിയ മാനേജർ അറസ്റ്റിൽ

Friday 09 May 2025 1:34 AM IST

തിരുവനന്തപുരം: ഈഞ്ചയ്ക്കലിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഗ്യാസ് ഏജൻസിയിൽ നിന്ന് വിതരണം ചെയ്ത സിലിണ്ടറുകളുടെ തുകയായ 72,000 രൂപ തട്ടിയെടുത്ത് ഏജൻസി ഉടമയെ കബളിപ്പിച്ച കേസിൽ മാനേജർ അറസ്റ്റിൽ. ഊരൂട്ടമ്പലം അയണിമൂട് ആരാധനയിൽ അഭിഭാഷകനായ അനിൽപ്രസാദിനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.കെ സ്റ്റോറിൽ വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറുകളുടെ തുകയാണ് തട്ടിയെടുത്തത്. ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തതിലും ലഭിക്കേണ്ട പണം വരവ്വയ്‌ക്കുന്നതിലും ക്രമക്കേട് നടത്തി സ്ഥാപനത്തിലെ അക്കൗണ്ടന്റുമായി ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയത്. ഗ്യാസ് ഏജൻസിയെ കബളിപ്പിച്ച് നേരിട്ടും ഗൂഗിൾപേ വഴിയും 23ലക്ഷം രൂപ തട്ടിയതിൽ കന്റോൺമെന്റ്,തമ്പാനൂർ,ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ മറ്റുകേസുകളും നിലവിലുണ്ട്. വലിയതുറ എസ്.ഐ എം.ഇൻസമാം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.