ലാഹോറിനെ ഞെട്ടിച്ച് ചാവേർ നാഗാസ്ത്ര

Friday 09 May 2025 4:53 AM IST

ന്യൂഡൽഹി: ഭീകര കേന്ദ്രങ്ങൾ തകർത്തതിന്റെ ഞെട്ടൽ മാറും മുൻപ് പാകിസ്ഥാനിൽ കടന്നു ചെന്ന് ലാഹോറിനെ തുരുതുരാ ആക്രമിച്ചത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര-1, ഇസ്രയേലി നിർമ്മിത ഹാരോപ് ഡ്രോണുകൾ ഉപയോഗിച്ച്.

ഓപ്പറേഷൻ സിന്ദൂറിൽ ഭീകര കേന്ദ്രങ്ങൾ തകർക്കാനും ഇവയാണ് ഉപയോഗിച്ചത്. 2021ൽ കരസേന ഇസ്രയേലിൽ നിന്ന് 100 സ്കൈസ്ട്രൈക്കർ ഡ്രോണുകൾ വാങ്ങിയിരുന്നു. നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസ് തദ്ദേശീയമായി നിർമ്മിച്ച 480 നാഗാസ്ത്ര-1 യൂണിറ്റുകൾ കഴിഞ്ഞ വർഷമാണ് കരസേനയ്‌ക്ക് ലഭിച്ചത്. ചാവേർ ഡ്രോണായ ഇത് ലക്ഷ്യത്തിൽ ഇടിച്ചുകയറി സ്ഫോടനം നടത്തും. ആക്രമണത്തിൽ സ്വയം തകരുന്ന നാഗാസ്ത്രയുടെ അവശിഷ്ടം കാണിച്ചാണ് ഇന്ത്യൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് പാകിസ്ഥാൻ വീമ്പിളക്കിയത്.

നിശ്ചിത ദൂരത്തിരുന്ന് നിയന്ത്രിച്ച് കൃത്യമായി ലക്ഷ്യത്തെ തകർക്കുന്ന ലോയിറ്ററിംഗ് മ്യൂണിഷൻ സിസ്റ്റം (എൽ.എം.എസ്) എന്നറിയപ്പെടുന്നവയാണിവ. ബങ്കറുകൾ,ടാങ്കുകൾ, വ്യോമതാവളങ്ങൾ,മിസൈൽ കേന്ദ്രങ്ങൾ,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ തകർക്കാൻ ഉപയോഗിക്കുന്നു.

നിശബ്ദ കൊലയാളി

 ശബ്ദമില്ലാതെ താണു പറക്കുന്നതിനാൽ നാഗാസ്ത്രയെ കണ്ടുപിടിക്കാൻ പ്രയാസം

 5-10 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളുമായി 100 കി.മീ ദൂരത്തിൽ നീങ്ങും

 ലക്ഷ്യം കണ്ടെത്തുന്നതുവരെ ആകാശത്ത് ചുറ്റിത്തിരിയും

 എ.ഐ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നു