സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ
ന്യൂഡൽഹി: പാകിസ്ഥാന്റെ ക്രൂര പീഡനത്തിനും അടിച്ചമർത്തലിനുമെതിരെ പതിറ്റാണ്ടുകളായി സായുധ പോരാട്ടം നടത്തുന്ന ബലൂചികൾ സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ച് പതാകയും ഉയർത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ തിരിച്ചടിയിൽ പതറി നിൽക്കുന്ന പാകിസ്ഥാനേറ്റ മറ്റൊരു കൊടും പ്രഹരമാണ് സ്വതന്ത്രരാഷ്‌ട്ര നീക്കം. പാകിസ്ഥാന്റെ തെക്കു പടിഞ്ഞാറുള്ള ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.
വിമോചന സമരത്തിന് നേതൃത്വം നൽകുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) കഴിഞ്ഞ ദിവസം 14 പാക് സൈനികരെ കുഴിബോംബ് സ്ഫോടനത്തിൽ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. പാകിസ്ഥാന്റെ പതാക മാറ്റിയാണ് ബലൂചികൾ സ്വന്തം പതാക ഉയർത്തി ആഹ്ളാദ പ്രകടനം നടത്തിയത്.
പാകിസ്ഥാന്റെ കണ്ണ് ഇന്ത്യയുമായുള്ള സംഘർഷത്തിൽ കേന്ദ്രീകരിച്ച സമയം നോക്കി ബി.എൽ.എ നീക്കങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു. രണ്ടു മാസം മുൻപ് ട്രെയിൻ തട്ടിയെടുത്ത് ബി.എൽ.എ പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു.
ബലൂച് ദേശീയവാദികളുമായി ഇന്ത്യയ്‌ക്ക് ചരിത്രപരമായി നല്ല ബന്ധമുണ്ട്. ബലൂച് വിഘടനവാദ ഗ്രൂപ്പുകൾക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പിന്തുണ നൽകുന്നെന്ന് പാകിസ്ഥാൻ പതിവായി ആരോപിക്കാറുമുണ്ട്. ബലൂചികൾക്ക് ഇറാന്റെ സഹായം ലഭിക്കുന്നുണ്ട്.
അടിച്ചമർത്തപ്പെട്ട
ഗോത്ര സമൂഹം
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബലൂചിസ്ഥാനെ സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ബലം പ്രയോഗിച്ച് പാകിസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. വിമോചന പോരാട്ടവും അന്നു തുടങ്ങി
ബലൂച് ഗോത്ര സമൂഹത്തിന് പാകിസ്ഥാൻ യാതൊരു സ്വാതന്ത്ര്യവും നൽകുന്നില്ല. ഇവിടത്തെ ധാതു നിക്ഷേപത്തിൽ മാത്രമാണ് പാകിസ്ഥാന് കണ്ണ്
സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യമുയർത്തിയുള്ള ആയിരക്കണക്കിന് പ്രക്ഷോഭകരെയാണ് പാക് സൈന്യം ഇതിനകം കൊന്നൊടുക്കിയത്