'ഓപ്പറേഷൻ സിന്ദൂർ' പേരിനായി അപേക്ഷ ; പുലിവാലു പിടിച്ചു

Friday 09 May 2025 1:42 AM IST

ന്യൂ‌ഡൽഹി : 'ഓപ്പറേഷൻ സിന്ദൂർ' പേര് കിട്ടാൻ ചില സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും അപേക്ഷ നൽകിയത് വിവാദമായി. വിനോദ - വിദ്യാഭ്യാസ സർവീസുകൾക്ക് ഉൾപ്പെടെ ഉപയോഗിക്കാനായിരുന്നു ശ്രമം. സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമ‌ർശനമാണ് ഇതിനെതിരെ ഉയർന്നത്. ജൂനിയറായ ജീവനക്കാരൻ തങ്ങളുടെ അനുമതിയില്ലാതെ അബദ്ധവശാൽ അപേക്ഷ നൽകിയതാണെന്നും, പിൻവലിച്ചെന്നും സ്ഥാപനം ഇതോടെ വാർത്താക്കുറിപ്പിറക്കി. ഇന്ത്യൻ ധീരതയുടെ പ്രതീകമായ 'ഓപ്പറേഷൻ സിന്ദൂർ' തങ്ങൾക്ക് ട്രേഡ് മാർക്കായി ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും വ്യക്തമാക്കി. വാക്കിന്റെ ട്രേഡ് മാർക്ക് ലഭിക്കാൻ മുംബയ് സ്വദേശി,റിട്ടയേർഡ് വ്യോമ സേനാ ഉദ്യോഗസ്ഥൻ, ഡൽഹിയിലെ ഒരു അഭിഭാഷകൻ എന്നിവരും അപേക്ഷ നൽകിയിട്ടുണ്ട്.