അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത, മുന്നൊരുക്കം, ഗുരുദാസ്‌പൂരിൽ ബ്ലാക്ക്ഔട്ട്
ന്യൂഡൽഹി: ജമ്മു കാശ്‌മീർ അതിർത്തിയിൽ പാക് വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ പൊതുപരിപാടികൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്കാലികമായി അടച്ചു.
ഹരിയാനയിലെയും പഞ്ചാബിലെയും എല്ലാ വ്യോമതാവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി 9 മുതൽ ഇന്ന് പുലർച്ചെ അഞ്ച് വരെ വൈദ്യുതിയുണ്ടായിരുന്നില്ല. സൈനികമേഖലകളൊഴികെയുള്ള പ്രദേശങ്ങളിലായിരുന്നു ഇത്. ജാഗ്രത നൽകുന്നതനുസരിച്ച് കൂടുതൽ പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചേക്കും. കൂടാതെ പഞ്ചാബിലെ ആറ് അതിർത്തി ജില്ലകളിൽ പടക്കം നിരോധിച്ചു. ആഘോഷങ്ങളിലും മറ്റും പടക്കം പൊട്ടിക്കരുതെന്ന് നിർദ്ദേശിച്ചു.
532 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന പഞ്ചാബിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ്. അമൃത്സർ, പത്താൻകോട്ട്, ഫാസിൽക്ക, ഫിറോസ്പൂർ എന്നിവയുൾപ്പെടെ മിക്ക അതിർത്തി ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ പൊതുപരിപാടികൾ റദ്ദാക്കി. പൊലീസിന് കനത്ത ജാഗ്രതാനിർദ്ദേശം നൽകി. സമൂഹ മാദ്ധ്യമങ്ങൾ വഴി പരിഭ്രാന്തി പരത്തരുതെന്ന് നിർദ്ദേശമുണ്ട്.
ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഉന്നതതല യോഗം വിളിച്ചുചേർത്തു. സുരക്ഷ, ഗതാഗതം, ആശയവിനിമയ സംവിധാനങ്ങൾ, ഭക്ഷണം, വൈദ്യുതി വിതരണം, ദുരന്തനിവാരണം,ആരോഗ്യ സേവനങ്ങൾ എന്നിവ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. പശ്ചിമ ബംഗാളിലും മുന്നൊരുക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്കാലികമായി അടച്ചു.
പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ കിഷൻഗർ, ജോധ്പുർ വിമാനത്താവളങ്ങൾ പത്തുവരെ അടച്ചു. ഗംഗാനഗർ മുതൽ റാൻ ഒഫ് കച്ച് വരെ സുഖോയ്30 എം.കെ.ഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ജയ്സാൽമിറിലും ജോധ്പുരിലും അർദ്ധരാത്രി 12 മുതൽ പുലർച്ചെ നാലുവരെ വൈദ്യുതി ഓഫാക്കാൻ ഉത്തരവിട്ടു. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശുപത്രികളുൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
ഗുജറാത്തിലും സമാനമായ രീതിയിൽ ജാഗ്രത തുടരുകയാണ്. തീരപ്രദേശങ്ങളിലും അതിർത്തിയിലും സുരക്ഷാ സേന പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ തിരക്കുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.