സൈനിക നടപടിക്ക് ശ്രമിച്ചാൽ ശക്തമായ മറുപടി: എസ്. ജയശങ്കർ
ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക നടപടിക്ക് ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. സാഹചര്യം വഷളാക്കാൻ ഇന്ത്യയ്‌ക്ക് ഉദ്ദേശ്യമില്ല. ഡൽഹിയിൽ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയശങ്കറിന്റെ പ്രതികരണം.
അതിർത്തി കടന്ന് ഭീകര പരിശീലന കേന്ദ്രങ്ങൾ തകർക്കാൻ രാജ്യം നിർബന്ധിതമാകുകയായിരുന്നു. ഇന്ത്യയുടെ അടുത്ത നയതന്ത്ര പങ്കാളിയെന്ന നിലയിൽ സ്ഥിതിഗതികൾ ഇറാൻ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യ - ഇറാൻ ജോയിന്റ് കമ്മിഷൻ യോഗത്തിൽ പങ്കെടുക്കാനാണ് ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിലെത്തിയത്. ഇന്ത്യ - പാക് സംഘർഷം ലഘൂകരിക്കപ്പെടണമെന്ന തങ്ങളുടെ ആവശ്യം സ്വാഭാവികമാണെന്ന് അബ്ബാസ് അരാഘ്ചി നേരത്തെ പറഞ്ഞിരുന്നു. അതേസമയം, എസ്. ജയശങ്കർ സൗദി അറേബ്യ വിദേശകാര്യ സഹമന്ത്രി അദേൽ അൽജുബേയറുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി.