സലാൽ അണക്കെട്ട് തുറന്നു; പ്രളയഭീതിയിൽ പാകിസ്താൻ
ന്യൂഡൽഹി: സംഘർഷം തുടരവേ റംബാനിലെ ബാഗ്ലിഹാർ ജലവൈദ്യുത പദ്ധതിയിലെ രണ്ട് ഗേറ്റുകളും ചെനാബ് നദിയിലെ സലാൽ അണക്കെട്ടിലെ മൂന്ന് ഗേറ്റുകളും ഇന്ത്യ തുറന്നു. ഇതോടെ പാകിസ്ഥാൻ പ്രളയഭീതിയിലാണ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് സലാൽ അണക്കെട്ട്. കനത്ത മഴയെ തുടർന്നാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താനിൽ ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് ബാധിച്ചേക്കും. പാകിസ്ഥാൻ ജലസേചനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന നദിയാണ് ചെനാബ്. ചെനാബിലെ ജലനിരപ്പുയർന്നാൽ പാകിസ്ഥാനിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ മാസം അവസാനം ഉറി ഡാമും ഇന്ത്യ തുറന്നിരുന്നു. പിന്നാലെ ഝലം നദിയിൽ ജലനിരപ്പ് ഉയരുകയും പാക് അധീന കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രദേശവാസികളെ പാകിസ്ഥാൻ മാറ്റിപ്പാർപ്പിച്ചിരുന്നു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ നടപടിയായിരുന്നു ഇത്.