അരുകൊലയ്ക്ക് അഴി തന്നെ
കോട്ടയം: അച്ഛനെ കൊന്ന കേസിൽ നിഷ്പ്രയാസം ഊരിപ്പോയ കമ്മൽ വിനോദ് സന്തോഷ് വധക്കേസിലും രക്ഷപ്പെടുമെന്നായിരുന്നു വിചാരിച്ചത്. നേരിട്ട് സാക്ഷികളില്ലായിരുന്നെങ്കിലും ശാസത്രീയ തെളിവുകളെല്ലാം എതിരായി. മറ്റ് സാക്ഷികളെ ഭീഷണിപ്പെടുത്തി തനിക്ക് അനുകൂലമാക്കാനും ശ്രമിച്ചു.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കൃത്യമായ ഇടപെടലാണ് സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കി ഓട്ടോയിൽ പലയിടത്ത് ഉപേക്ഷിച്ച കേസിൽ
വിനോദിനും ഭാര്യ കുഞ്ഞുമോൾക്കും അഴി ഉറപ്പാക്കിയത്. കുഞ്ഞുമോൾ വിളിക്കുമ്പോൾ ആദ്യം ഫോണെടുത്തത് സന്തോഷിന്റെ അച്ഛനായിരുന്നു. പിന്നീട് സന്തോഷ് കുഞ്ഞുമോൾ താമസിക്കുന്ന മീനടത്തെ വീടുവരെ വരുന്നതും മൂവരുടേയും ടവർ ലൊക്കേഷൻ ഒരേസ്ഥലത്തായതും നിർണായകമായി. അച്ഛനെ വീട്ടിൽ വച്ച് വിനോദ് ചവിട്ടിക്കൊന്ന കേസിൽ ഭാര്യ കുഞ്ഞുമോളും മക്കളുമായിരുന്നു സാക്ഷികൾ. ഇവർ കോടതിയിൽ കൂറുമാറിയിരുന്നു. മറ്റ് ശാസ്ത്രീയ തെളിവുകൾ ലഭിച്ചതുമില്ല. സാക്ഷികളെ മാറ്റിയാൽ രക്ഷപ്പെടാമെന്ന ധാരണയിലായിരുന്നു വിനോദ്.
കുരുക്കായ തെളിവുകൾ
രക്തസാമ്പിൾ ലഭിക്കാതിരിക്കാൻ ചാണകത്തിൽ വച്ച കത്തിയിലെ സാമ്പിൾ
ഭിത്തിയിലും തറയിലും നിന്ന് തുടച്ചുമാറ്റിയെങ്കിലും രക്തത്തുള്ളികളുടെ തെളിവ്
സന്തോഷിന്റെ പല്ല്, തലയോട്ടിയുടെ ഭാഗം, തലമുടി എന്നിവയുടെ ഡി.എൻ.എ ഫലം
സന്തോഷിന്റെ ഷർട്ടിന്റെ ഒരു ബട്ടൻ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത്
പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. ജെയിംസ് കുട്ടിയുടെ മൊഴി
വീടിന്റെ സിറ്റിൗട്ടിലും കസേരയിലും മൃതദേഹം വലിച്ചുകൊണ്ടുവന്നിട്ട വാഴച്ചോട്ടിലെയും രക്തക്കറ
പണത്തിന്റെ ഉറവിടം തേടി പൊലീസ്
സിറ്റിംഗിന് ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന പ്രമുഖ അഭിഭാഷകനാണ് സന്തോഷിന് വേണ്ടി കോടതിയിൽ ഹാജരായത്. ഇത് കൂടാതെ സാക്ഷികളെ പണവും മദ്യവും നൽകി കൂടെ നിറുത്താനും സന്തോഷ് ലഭിച്ചു. സന്തോഷിന് എവിടെ നിന്നാണ് കേസ് നടത്താൻ ഇത്രയും പണം ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
'നല്ല കശാപ്പുകാരന് ചെറിയ കത്തി മതി" കോട്ടയം: കൈപ്പിച്ചാത്തിക്ക് ഒരു മനുഷ്യനെ കഷണങ്ങളാക്കാൻ പറ്റുമോ? സന്തോഷ് വധക്കേസിൽ കമ്മൽ വിനോദ് അറസ്റ്റിലാകുമ്പോഴും മൃതദേഹം മുറിച്ച ചെറിയ കത്തിചൂണ്ടിക്കാട്ടുമ്പോഴുണ്ടായ സംശയമിതായിരുന്നു. തെളിവെടുപ്പ് സമയത്ത് വിനോദ് പറഞ്ഞത് നല്ല കശാപ്പുകാരനാണേൽ ഇതുമതിയെന്നായിരുന്നു. ഇത് തന്നെയാണ് വിചാരണക്കാലത്ത് പൊലീസ് സർജൻ ഡോ.ജയിംസ് കുട്ടിയും പറഞ്ഞത്. കശേരുക്കൾക്കിടയിലൂടെ അദിവിദഗ്ദധമായി നട്ടെല്ലിന്റെ ഭാഗം മുറിച്ചു മാറ്റാൻ നല്ലൊരു കശാപ്പുകാരന് കഴിയുമെന്ന് അദ്ദേഹം തെളിവുകൾ സഹിതം നിരത്തി. ഇതാണ് കമ്മലിന് കൂടുതൽ കുരുക്കായത്. ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാണെന്ന് പലവട്ടം കമ്മൽ ആവർത്തിച്ചപ്പോഴും കുഞ്ഞുമോൾക്ക് പിടിച്ച് നിൽക്കാനായില്ല. ഒടുവിൽ ഇരുവരും കുറ്റം സമ്മതിച്ചു. വിനോദ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് സന്തോഷിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയതെന്നായിരുന്നു കുഞ്ഞുമോളുടെ മൊഴി. ഓട്ടോ കേടായത് നിർണായകം മുറിച്ച ശരീര ഭാഗങ്ങൾ ചാക്കിൽ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെ വച്ചു. പ്ളാസ്റ്റിക് കവറിനുള്ളിൽ കാവിമുണ്ടിൽ പൊതിഞ്ഞ തല കുഞ്ഞുമോളുടെ മടിയിൽവയ്പ്പിച്ചു. അർദ്ധരാത്രി ഓട്ടോയിൽ കൊടൂരാറ്റിലെ ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ ഓട്ടോ മാങ്ങാനത്ത് വച്ച് കേടായി. ആരെങ്കിലും കാണുമോ എന്ന പേടിയിൽ ശരീരഭാഗങ്ങൾ അവിടെ ഉപേക്ഷിച്ചു. ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാർട്ടായി. തുടർന്ന് തുരുത്തേൽപാലത്തിന് സമീപം തലയും ഉപേക്ഷിച്ചു. പിന്നീട് ഓട്ടോറിക്ഷ കൊല്ലാട് ഭാഗത്തു കൊണ്ടുപോയി കഴുകി വൃത്തിയാക്കി. വീട്ടിലെത്തി രക്തക്കറയും തുടച്ചു വൃത്തിയാക്കി.