യുവതിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതി റിമാൻഡിൽ
പൊൻകുന്നം: കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ അൻഷാദ് കബീറിനെ(37) റിമാൻഡ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച ഇയാളോടൊപ്പമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൾസലാമിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂത്രപ്പള്ളി പുതുപറമ്പിൽ നീതു ആർ നായർ (36) ആണ് കൊല്ലപ്പെട്ടത്. വെട്ടികാവുങ്കൽ കവളിമാവ് റോഡിൽ പൂവൻപാറപ്പടിയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി സ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തിയ ഇവർ കാർ നിർത്താതെ പോയി. തുടർന്ന് സാക്ഷിമൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച്പ്രതികളെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലാണ് നീതുവിനെ വിവാഹം കഴിച്ച് അയച്ചിരുന്നത്. എന്നാൽ ഭർത്താവുമായി പിണങ്ങി ഏറെനാളായി കറുകച്ചാലിലായിരുന്നു കഴിഞ്ഞിരുന്നത്. നീതുവുമായി കാഞ്ഞിരപ്പള്ളിയിൽ വച്ചാണ് അജാസ് പരിചയപ്പെടുന്നത്. വ്യക്തിപരവും സാമ്പത്തികവുമായ തർക്കങ്ങളെ തുടർന്ന് ഇരുവരും ഭിന്നതയിലായി. തുടർന്നാണ് അൻഷാദിന്റെ ആസൂത്രിത കൊലപാതകം. വാടകയ്ക്ക് എടുത്ത കാറിന്റെ നമ്പർ പ്ളേറ്റ് മറച്ച ശേഷം അൻഷാദും ഉജാസും ചേർന്ന് യുവതിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ വിവാഹം കഴിച്ചയച്ച യുവതി ഭർത്താവുമായി പിണങ്ങി കറുകച്ചാലിൽ താമസിക്കുകയായിരുന്നു.അൻഷാദും, നീതുവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനെ തുടർന്ന് നീതുവിന്റെ ഭർത്താവും, അൻഷാദിന്റെ ഭാര്യയും വിവാഹമോചന കേസു നൽകി. തുടർന്ന് അൻഷാദ് നൽകിയ സാമ്പത്തിക സഹായം ഉപയോഗിച്ച് നീതു കറുകച്ചാലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടയിൽ മാസങ്ങൾ മുൻപ് നീതു അൻഷാദുമായി അകന്നു. നീതുവിന് മറ്റൊരു ബന്ധം ഉള്ളതായി അൻഷാദ് സംശയിച്ചു. ഇതിന്റെ പേരിൽ തന്നെ ഒഴിവാക്കുന്നതായി അൻഷാദ് കണക്കുകൂട്ടി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായി.ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമായി പൊലീസ് പറയുന്നത്. വാടകയ്ക്ക് എടുത്ത ഇന്നോവകാർ ഉപയോഗിച്ചാണ് നീതുവിനെ അൻഷാദും,ഉജാസും ചേർന്ന് ഇടിച്ചു കൊലപ്പെടുത്തിയത് വാഹനത്തിൽ സുഹൃത്തായ ഉജാസും ഉണ്ടായിരുന്നു.ഇന്നലെ കോടതിയിൽ ഹാജരാക്കിയ അൻഷാദിനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയതാ പ്രസാദ് ആണ് റിമാന്റ് ചെയ്തത്.കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.