മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തണം; യാത്രക്കാർക്ക് കർശന നിർദ്ദേശം, വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തം

Friday 09 May 2025 9:59 AM IST

ന്യൂഡൽഹി: ഇന്ത്യാ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രം സുരക്ഷ ശക്തമാക്കിയതോടെ യാത്രക്കാരോട് വിമാനത്താവളങ്ങളിൽ മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരാൻ നിർദ്ദേശം. വിമാനക്കമ്പനികളായ എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ടുളള പ്രസ്താവന ഇറക്കിയിരിക്കുന്നത്. വിമാനത്താവളത്തിലേക്കുളള യാത്രക്കാരുടെ പ്രവേശനത്തിന് വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

'ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരി​റ്റിയുടെ നിർദ്ദേശങ്ങളനുസരിച്ച്, ഇന്ത്യയിലുളള യാത്രക്കാർ അതാത് വിമാനത്താവളങ്ങളിൽ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്തി യാത്രയ്ക്കായുളള നടപടികൾ പൂർത്തിയാക്കേണ്ടതാണ്. വിമാനം പുറപ്പെടുന്നതിന് 75 മിനിട്ട് മുമ്പ് ചെക്ക് ഇൻ അവസാനിക്കും.'-എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്നലെ രാത്രിയും പാകിസ്ഥാൻ മിസൈലാക്രമണം തുടർന്നതോടെ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരി​റ്റി ഇന്ത്യയുലുടനീളമുളള വിമാനക്കമ്പനികളോടും വിമാനത്താവളങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് എയർ ഇന്ത്യയും ആകാശ എയറും. ഇൻഡിഗോയും പ്രസ്താവനകൾ ഇറക്കിയത്. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് മുൻപ് എല്ലാ യാത്രക്കാരും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്നും നിർദ്ദേശമുണ്ട്.

സംഘർഷ സമയത്ത് സുരക്ഷാ നടപടിൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി അധികം സമയം എടുക്കും. എല്ലാ യാത്രക്കാരും സഹകരിക്കണമെന്ന് ഇൻഡിഗോ എക്സിൽ കുറിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് (എസ്എൽപിസി) വിധേയമാക്കണമെന്നാണ്. കൂടാതെ സുരക്ഷയുടെ ഭാഗമായി ടെർമിനൽ കെട്ടിടങ്ങളിലേക്കുളള സന്ദർശക പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. ആവശ്യാനുസരണം എയർ മാർഷൽമാരുടെ വിന്യാസം കൂട്ടുമെന്ന് വൃത്തങ്ങൾ അറിയിച്ചു.