'ജീവൻ നഷ്‌ടപ്പെട്ട പാക് സഹോദരങ്ങൾക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു'; ഷെഹബാസ് ഷെരീഫുമായി സംസാരിച്ച് തുർക്കി പ്രസിഡന്റ്
അങ്കാര: ഇന്ത്യ - പാക് സംഘർഷത്തിന് പിന്നാലെ പിന്തുണയറിയിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ, ഷെഹബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചു. തുർക്കി പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
എർദോഗൻ ബുധനാഴ്‌ച ഷെഹബാസ് ഷെരീഫുമായി സംസാരിച്ചുവെന്നാണ് പ്രസ്‌താവനയിൽ പറയുന്നത്. പാകിസ്ഥാന്റെ നിലപാടിനെ പിന്തുണയ്‌ക്കുന്നുവെന്ന് പറഞ്ഞ എർദോഗൻ രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാൻ എന്ത് മാർഗവും സ്വീകരിക്കാൻ തുർക്കി തയ്യാറാണെന്നും എർദോഗൻ പറഞ്ഞതായി പ്രസ്‌താവനയിലുണ്ട്.
ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26പേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്ന പാകിസ്ഥാന്റെ ആഹ്വാനം ഉചിതമാണ്. സംഭവത്തിൽ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തി. പാകിസ്ഥാൻ ആ ആരോപണം നിഷേധിച്ചു. ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ അപലപിക്കുന്നു. അത്തരം സൈനിക നടപടികൾ ഒരു സമഗ്ര യുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്.
'പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ഞങ്ങൾ ആശങ്കാകുലരാണ്. ഇന്ത്യയുടെ മിസൈൽ ആക്രമണം നിരവധി സാധാരണക്കാരായ മനുഷ്യരുടെ രക്തസാക്ഷിത്വത്തിന് കാരണമായി. ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് അല്ലാഹുവിന്റെ കാരുണ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. പാകിസ്ഥാനിലെ സഹോദരങ്ങൾക്കൊപ്പമുണ്ട്. ഞാൻ വീണ്ടും അനുശോചനം അറിയിക്കുകയാണ്. എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് പകരം സംഭാഷണങ്ങൾക്കുള്ള വഴി തുറക്കുകയാണ് വേണ്ടത്. അതിന് വേണ്ട എല്ലാ ശ്രമങ്ങളും ഞങ്ങൾ ചെയ്യും ', എന്ന് എർദോഗൻ നേരത്തേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു.