'ആദ്യം വലിയ ശബ്ദം, പിന്നാലെ നഗരം  മുഴുവൻ  ബ്ലാക്ക്  ഔട്ടായി'; ജയ്സാൽമിറിൽ മലയാള സിനിമയുടെ ചിത്രീകരണം നിർത്തി

Friday 09 May 2025 12:27 PM IST

ജയ്സാൽമിർ: പാകിസ്ഥാൻ സെെന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടർന്ന് രാജസ്ഥാനിലെ ജയ്സാൽമിറിലെ നടന്നുകൊണ്ടിരുന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഇന്നലെ രാത്രിയാണ് ഷെല്ലാക്രമണം നടന്നത്. സംജദ് സംവിധാനം ചെയ്യുന്ന 'ഹാഫ്' എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് മുടങ്ങിയത്. ചിത്രത്തിലെ 200 പേർ അടങ്ങുന്ന സംഘമാണ് ജയ്സാൽമിറിലുള്ളത്.

90 ദിവസത്തെ ഷൂട്ടിംഗ് ആണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ പ്രതികൂല സാഹചര്യത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തി നാട്ടിലേക്ക് വരികയാണെന്ന് സിനിമയുടെ നായിക ഐശ്വര്യ ഒരു മലയാള മാദ്ധ്യമത്തോട് പ്രതികരിച്ചു. ഷെല്ലാക്രമണത്തിന്റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരം മുഴുവൻ ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ വ്യക്തമാക്കി. ബൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് 'ഹാഫ്'. ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ.

മലയാളത്തിലെ ആദ്യ വമ്പൻ ആക്ഷൻ മൂവി ആയാണ് ഹാഫ് ഒരുങ്ങുന്നത്. ബ്ലെസി - മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച ഫ്രാഗ്രനന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവും, സജീവുമാണ് ഹാഫ് നിർമ്മിക്കുന്നത്. സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജൻ,തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ, ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.