'ഒരുപാട് പ്രശ്നങ്ങളിൽ അകപ്പെട്ടു, അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഞാൻ സിനിമയിൽ നായികയാകുമായിരുന്നു'

Friday 09 May 2025 2:46 PM IST

ഒരു കാലത്ത് ഹാസ്യവേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയങ്ക. അടുത്തിടെ സിനിമാ മേഖലയിലുണ്ടായ പല പ്രശ്നങ്ങളിലും പ്രിയങ്ക പ്രതികരിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അതിൽ നടിക്കെതിരെ വലിയ രീതിയിലുളള വിമർശനങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിൽ അവസരം കുറയുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക. സംവിധായകൻ ഭരതൻ ജീവിച്ചിരുന്നുവെങ്കിൽ താൻ സിനിമയിൽ നല്ല നിലയിൽ എത്തുമായിരുന്നുവെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'സിനിമ കുറഞ്ഞുപോയെന്ന സങ്കടമൊന്നുമില്ല. നമ്മുടെ തൊഴിൽ അഭിനയമാണ്. ഞാൻ സീരിയലിലും അഭിനയിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് എന്റെ പേരിൽ ഒരു കേസ് വന്നിരുന്നു. 20 വർഷമാണ് ഞാൻ നിരപരാധിയാണെന്ന് തെളിയിക്കാൻ എടുത്തത്. അത് എന്നെ മാനസികമായി ഒരുപാട് വേദനിപ്പിച്ചു. എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ താരസംഘടനയായ അമ്മയെ സമീപിച്ചിട്ടില്ല. താരങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ജോലിയല്ല അമ്മയ്ക്കുളളത്.

അന്തരിച്ച സംവിധായകൻ സിദ്ദിഖ് സാറിന്റെ സിനിമയിലൂടെയാണ് ഞാൻ അഭിനയരംഗത്തെത്തിയത്. സംവിധായകൻ ഭരതൻ ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ഒരു സിനിമയിലെ നായികയാകുമായിരുന്നു ഞാൻ. അത് വലിയ നഷ്ടമാണ്. അദ്ദേഹമുണ്ടായിരുന്നെങ്കിൽ സിനിമയിൽ എന്റെ തലവര തന്നെ മാറുമായിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഒരു കമ്മി​റ്റി രൂപീകരിച്ചിരുന്നു. അത് ആ സമയത്ത് വലിയ വിഷയമായിരുന്നു. ഇപ്പോൾ എവിടെയാണ് ആ കമ്മി​റ്റി? നമ്മുടെ സുരക്ഷ നമ്മൾ തന്നെയാണ് നോക്കേണ്ടത്. ഇപ്പോൾ സ്ത്രീയുടെ കൂടെയല്ല സമൂഹമുളളത്. സോഷ്യൽ മീഡിയ കണ്ടാൽ മനസിലാകും.

ഒരുപാട് പ്രശ്നങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. പലതും അറിയാതെ സംഭവിച്ചതാണ്. എത്ര പ്രശ്നമുണ്ടായാലും ജനങ്ങൾക്ക് എന്നെ ഇപ്പോഴും ഇഷ്ടമാണ്. എല്ലാവരും പഠിക്കേണ്ട വ്യക്തിയാണ് മമ്മൂക്ക. നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പോസി​റ്റീവ് എനർജിയാണ്. അദ്ദേഹത്തിന്റെ ജീവിതരീതി നോക്കി പഠിക്കേണ്ടതാണ്'- പ്രിയങ്ക പറഞ്ഞു.