ചുളുവിലയ്ക്ക് അവധിക്കാല യാത്രയ്ക്ക് പോകാം, 690 രൂപയ്ക്ക് മലക്കപ്പാറ കണ്ടുമടങ്ങാം, ഉഗ്രൻ പാക്കേജുമായി കെഎസ്ആർടിസി

Friday 09 May 2025 4:44 PM IST

കൊച്ചി: വിനോദയാത്രകളിലൂടെ 10 ലക്ഷത്തിലേറെ രൂപയുടെ നേട്ടം കൊയ്ത് എറണാകുളം കെ.എസ്.ആർ.ടി.സി. പുതുതായി ഏഴിടങ്ങളിലേക്ക് ഉൾപ്പെടെ 13 സ്ഥലങ്ങളിലേക്ക് നടത്തിയ 22ലേറെ വിനോദ യാത്രകളിലൂടെയാണ് നേട്ടം. പതിവിന് വിപരീതമായി അവധിക്കാലത്ത് നിരവധിപ്പേരാണ് കുട്ടികളും കുടുംബവുമൊത്ത് വിനോദ യാത്രകൾ നടത്തുന്നത്. നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്കുള്ള വിനോദ യാത്രയാണ് ഇതിൽ ഏറ്റവും പുതിയത്. അതി രാവിലെ നിലമ്പൂരിലേക്ക് യാത്ര തിരിക്കുന്ന തരത്തിലാണ് ട്രിപ്പ്. രണ്ടു തവണയാണ് നിലമ്പൂരിലേക്ക് ഏപ്രിലിൽ യാത്ര നടത്തിയത്.

സൈലന്റ് വാലി, ഇല്ലിക്കൽ കല്ല്, ഇലവീഴാ പൂഞ്ചിറ, നെല്ലിയാമ്പതി, കൊല്ലത്തെ ജെ. റോയൽസ് ബോട്ട് യാത്ര, തിരുവനന്തപുരം പൊൻമുടി, തെന്മല റോസ് വാലി എന്നിവിടങ്ങളിലേക്കാണ് പുതുതായി യാത്രകൾ ആരംഭിച്ചിട്ടുള്ളത്. മലക്കപ്പാറ മൂന്നാർ, മാമലക്കണ്ടം, ചതുരംഗപ്പാറ, മറയൂർ കാന്തല്ലൂർ, രാമക്കൽമേട്, ഗവി എന്നിവിടങ്ങളിലേക്ക് രണ്ടു വർഷത്തോളമായി എറണാകുളം ഡിപ്പോയിൽ നിന്ന് വിനോദയാത്രകളുണ്ട്. മലയാറ്റൂർ കുരിശുമല, ആറ്റുകാൽ- ആഴിമല- ചെങ്കൽ, പറശനിക്കടവ്‌-കൊട്ടിയൂർ-തിരുനെല്ലി തീർത്ഥാടന യാത്രകളും വൻ വിജയമായിരുന്നുവെന്ന് ബഡ്ജറ്റ് ടൂറിസം സെൽ അധികൃതർ വ്യക്തമാക്കുന്നു.

690 രൂപയുടെ മലക്കപ്പാറ മൂന്നാർ, 830 രൂപയുടെ മാമലക്കണ്ടം, 1300 രൂപയുടെ മറയൂർ കാന്തല്ലൂർ, 2100 രൂപയുടെ ഗവി എന്നീ ട്രിപ്പുകൾക്കാണ് ആളുകൾ ഏറെ. മറയൂർ കാന്തല്ലൂർ, മാമലക്കണ്ടം യാത്രകളിലും ഗവി യാത്രയിലും ഉച്ചയൂണുണ്ട്. ഗവി യാത്രയിൽ അടവിയിലെ ബോട്ടിംഗും ഉൾപ്പെടും.

ബുക്കിംഗിനും മറ്റും (ഡിപ്പോകളും നമ്പറുകളും)

ജില്ലാ കോ-ഓർഡിനേറ്റർ: 9447223212 ( പ്രശാന്ത് വേലിക്കകം) നോർത്ത് പറവൂർ: 9388223707, 9061487494 പിറവം: 9744646413, 9446206897 കൂത്താട്ടുകുളം: 9497415696, 9497883291 എറണാകുളം: 9496800024, 9961042804

ഹിറ്റ് റൂട്ടുകൾ

മലക്കപ്പാറ മൂന്നാർ മറയൂർ കാന്തല്ലൂർ ഗവി മാമലക്കണ്ടം

പുതിയ റൂട്ടുകൾ സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ട്. ഏപ്രിലിലെ വിനോദ യാത്രാ വരുമാനം മികച്ച നേട്ടമാണ്.

പ്രശാന്ത് വേലിക്കകം കോ-ഓർഡിനേറ്റർ

ബഡ്ജറ്റ് ടൂറിസം സെൽ