ആമിർഖാന്റെ സിതാരേ സമീൻ പർ ജൂൺ 20ന്
ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ നായകനായ സിതാരേ സമീൻ പർ ജൂൺ 20ന് തിയേറ്ററിൽ. ശുഭ് മംഗൾ സാവ്‌ധൻ, ഓൺ എ ക്വസ്‌റ്റ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ആർ.എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജെനീലിയ ദേശ്‌മുഖാണ് നായിക.
അരൂഷ്ദത്ത, ഗോപികൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്‌സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മാങ്കേഷ്‌കർ എന്നീ പത്തു പുതുമുഖങ്ങൾ താരനിരയിലുണ്ട്.
2007 ൽ റിലീസ് ചെയ്ത 'താരേ സമീൻപർ" എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ബോളിവുഡിലെ ക്ളാസിക് കൾട്ടായാണ് താരേ സമീൻപർ വിശേഷിപ്പിക്കുന്നത്. ആമിർ ഖാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ദിവ്യനിധി ശർമ്മ രചന നിർവഹിക്കുന്നു.
സംഗീതം: ശങ്കർ- എഹ്‌സാൻ -ലോയ്, ഗാനരചന അമിതാഭ് ഭട്ടാചാര്യ. 2022-ൽ റിലീസ് ചെയ്ത ലാൽസിംഗ് ഛദ്ദയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് ആമിർ ഖാൻ തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് സിതാരേ സമീൻ പർ.