വൃത്തിയില്ല, കണ്ണടച്ച് അധികൃതർ.... തട്ടുകടകൾക്ക് തലോടൽ

Saturday 10 May 2025 12:07 AM IST

കോട്ടയം : കരിഓയിൽ തോറ്റുപോകും ഈ കറുപ്പിന് മുമ്പിൽ. എന്താന്നല്ലേ... കൊതിയൂറുന്ന ചിക്കൻ തിളച്ചുപൊന്തുന്ന എണ്ണയെപ്പറ്റിയാണ് പറഞ്ഞത്. ഇത് കോട്ടയം നഗരത്തിന്റെ ഒത്തനടുക്കുള്ള തട്ടുകടയിലെ അനുഭവമാണ്. ഭക്ഷണപ്രിയരെ നിത്യരോഗികളാക്കാൻ ഇതുതന്നെ ധാരാളം. ഇത് ഇവിടുത്തെ മാത്രം കാര്യമല്ല. പല തട്ടുകടകളിലും വൃത്തി ഏഴയലത്ത് പോലുമില്ല. എന്നിട്ടും പരാതി ഉയരുമ്പോൾ പരിശോധന നടത്തി അധികൃതർ തടിതപ്പുകയാണ്. പേരിന് നോട്ടീസ് മാത്രം നൽകും. കുറച്ച് ദിവസം കഴിയുമ്പോൾ വീണ്ടും പഴയപടി. കുടിവെള്ളം മുതൽ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വരെ തീരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന തട്ടുകടകളിൽ ഭക്ഷണപദാർത്ഥങ്ങൾ തുറന്ന് വച്ചിരിക്കുകയാണ്. ആവശ്യത്തിലധികം നിറം ചേർക്കുന്നു, ജീവനക്കാർ മോശമായി പെരുമാറുന്നു തുടങ്ങിയ പരാതികളും ഉയരുന്നുണ്ട്. വൈകിട്ട് 5.30 മുതൽ രാത്രി 12 വരെയാണ് തട്ടുകടകൾക്ക് പ്രവർത്തനസമയത്തിന് അനുവാദം. എന്നാൽ, നഗരത്തിലെ പല തട്ടുകടകളും പുലർച്ചെ വരെ തുറന്നുവയ്ക്കുകയാണ്. നഗരസഭയും, ഭക്ഷ്യസുരക്ഷാ വിഭാഗവുമാകട്ടെ കാഴ്ചക്കാരുടെ റോളിലാണ്.

ലൈസൻസുണ്ടോ ആർക്കറിയാം

ലൈസൻസുള്ള തട്ടുകടകൾ എത്രയെണ്ണമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പോലും അറിയില്ല. ലൈസൻസ് സർട്ടിഫിക്കറ്റ് തട്ടുകടകളിൽ പ്രദർശിപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ സർട്ടിഫിക്കറ്റ് നശിച്ചു പോകുമെന്നു ചൂണ്ടിക്കാട്ടി ഇത് പ്രദർശിപ്പിക്കാൻ പലരും തയ്യാറാകുന്നില്ല. എന്നാൽ കോപ്പി പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും ഇതും നടപ്പായിട്ടില്ല. തട്ടുകടകളിലെ ഭക്ഷണത്തിന്റെ വൃത്തി ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. മലിനജലവും, കക്കൂസ് മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ് നഗരത്തിലെ ഓടകളിൽ പലതും. ഇതിന് മുകളിലാണ് ഭൂരിഭാഗം തട്ടുകടകളും പ്രവർത്തിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലം

ചില തട്ടുകടക്കാർക്ക് ക്രിമിനൽ പശ്ചാത്തലം

പരിശോധന വിലക്കി രാഷ്ട്രീയക്കാർ

പരാതി പറഞ്ഞാലും കൂസലില്ല

തൊഴിലാളികൾക്ക് വൃത്തിയില്ല

''എലിയും പാറ്റയും നിറഞ്ഞ പരിസരത്ത് ഭക്ഷണം വിളമ്പുന്ന തട്ടുകടകൾ വരെയുണ്ട് നഗരത്തിൽ. പക്ഷേ,​ ഹോട്ടലുകൾക്കെതിരെയുള്ള നടപടിയൊന്നും തട്ടുകടൾക്ക് ബാധകമല്ല.

കെ.കെ.സതീഷ്,​ നാട്ടുകാരൻ