എസ്.എസ്.എൽ.സി വിജയശതമാനം 99.81..... മിന്നിച്ച് കോട്ടയം

Saturday 10 May 2025 12:18 AM IST

കോട്ടയം : കഴിഞ്ഞതവണ സംസ്ഥാന തലത്തിൽ ഒന്നാമതായിരുന്ന ജില്ല ഇക്കുറി രണ്ടാമതായെങ്കിലും എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നിച്ചു. 99.81 ശതമാനമാണ് വിജയം. സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ രണ്ട് വിദ്യാഭ്യാസ ജില്ലകളിലൊന്നിൽ പാലായും ഇടംപിടിച്ചത് കോട്ടയത്തിന് അഭിമാനമായി. ഇവിടെ പരീക്ഷയെഴുതിയ 3054 വിദ്യാർഥികളും തുടർവിദ്യാഭ്യാസയോഗ്യത നേടി. തുടർച്ചയായി നാലാം തവണയാണ് പാലാ നൂറുശതമാനം വിജയം നേടുന്നത്.

ജില്ലയിൽ പരീക്ഷയെഴുതിയ 18531 കുട്ടികളിൽ 18495 പേർ തുടർവിദ്യാഭ്യാസ യോഗ്യത നേടി. 9326 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 9302 പേരും, 9205 പെൺകുട്ടികളിൽ 9193 പേരും വിജയിച്ചു. 36 പേർക്ക് ഉപരി പഠനത്തിന് അർഹത നേടാൻ കഴിയാതിരുന്നപ്പോൾ കഴിഞ്ഞ തവണ അത് 15 ആയിരുന്നു.

2632 പേർക്ക് എപ്ലസ് മധുരം

2632 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 1775 പേർ പെൺകുട്ടികളും, 857 പേർ ആൺകുട്ടികളുമാണ്.

കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ 977 പേരും, കാഞ്ഞിരപ്പള്ളിയിൽ 629 പേരും, പാലായിൽ 590 പേരും, കടുത്തുരുത്തിയിൽ 436 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതൽപേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്‌നോളജിക്കാണ് (14928). ഏറ്റവും കുറവ് ഗണിതത്തിനും (4310).

തുടർ പഠനത്തിന് അർഹരായവർ

പാലായ്ക്ക് നൂറിൽ നൂറ്

 കാഞ്ഞിരപ്പള്ളി : 99.53%

കോട്ടയം : 99.89 %

കടുത്തുരുത്തി : 99.87 %

 പരീക്ഷയെഴുതിയ 18531 പേരിൽ 18495 പേർക്ക് തുടർവിദ്യാഭ്യാസ യോഗ്യത