മേൽക്കൈ ഇന്ത്യയ്ക്ക് തന്നെ, യുദ്ധ തീവ്രത കുറയ്ക്കാൻ ഇപ്പോഴും അവസരം
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ നടന്ന പാകിസ്ഥാൻ ആക്രമണങ്ങളും ഇന്ത്യയുടെ തിരിച്ചടിയും എത്തിനിൽക്കുന്നത് നിർണായക ഘട്ടത്തിൽ. ഇന്ത്യക്ക് തന്നെയാണ് ഇതിൽ മേൽക്കൈ. യുദ്ധം മൂർച്ഛിക്കാതിരിക്കാൻ ഇപ്പോഴും അവസരമുണ്ട്. കഴിഞ്ഞദിവസം പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമാണ് ഇന്ത്യയുടെ മിസൈൽ ആക്രമണം നടന്നത്. ഇതിലൂടെ ഇന്ത്യയ്ക്ക് എന്തും ചെയ്യാൻ കെൽപ്പുണ്ടെന്നും അതേസമയം, യുദ്ധത്തിന്റെ തീവ്രത കൂട്ടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമുള്ള സന്ദേശമാണ് രാജ്യം ലോകത്തിന് നൽകുന്നത്. ഇതേ നിലപാടാണ് തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ചത്.
7ന് പുലർച്ചെയാണ് ഇന്ത്യ മിസൈൽ ആക്രമണത്തിലൂടെ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ തകർത്തത്. സാധാരണക്കാരെ ആക്രമിക്കാതെ, കൃത്യമായ ആസൂത്രണത്തോടെ ഭീകരകേന്ദ്രങ്ങൾ മാത്രമായിരുന്നു ലക്ഷ്യമിട്ടത്. 8ന് വൈകിട്ടോടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാൻ ഇന്ത്യയിലേയ്ക്ക് തൊടുത്തു. സൈനിക കേന്ദ്രങ്ങൾക്ക് പുറമേ സിവിലിയൻ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും പാകിസ്ഥാൻ ബോധപൂർവം ലക്ഷ്യമിട്ടു. പാകിസ്ഥാൻ നീക്കങ്ങൾ തടയാനും കാര്യമായ തകരാറുകൾ ഒഴിവാക്കാനും ഇന്ത്യയ്ക്കായി.
ലാഹോറിലെ വ്യോമ പ്രതിരോധ റഡാർ സംവിധാനം ഇന്ത്യ പൂർണമായി നശിപ്പിച്ചു. ഇതോടെ പാകിസ്ഥാന്റെ വലിയൊരു ശക്തിയാണ് ഇല്ലാതായത്. വ്യോമനിരീക്ഷണം അസാദ്ധ്യമായി. പൂട്ടിക്കിടക്കുന്ന വീട്ടിൽ ജനാല തുറന്നിടുമ്പോഴുള്ള അരക്ഷിതാവസ്ഥയാണ് ഇത് സൃഷ്ടിച്ചത്. ഈ തക്കത്തിന് ഇന്ത്യ ലാഹോർ, ഇസ്ലാമാബാദ് അടക്കമുള്ള പ്രധാനനഗരങ്ങളിലടക്കം ഡ്രോൺ, മിസൈൽ ആക്രമണം നടത്തി. സാമാന്യം വലിയ നഷ്ടം പാകിസ്ഥാനുണ്ടാക്കി. ആദ്യം വിസമ്മതിച്ചെങ്കിലും പാകിസ്ഥാൻ പ്രതിരോധമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ഇനി എന്താണ് സംഭവിക്കുന്നതെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.
ക്ഷണിച്ചുവരുത്തിയ വിപത്ത്
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ തന്നെ പാകിസ്ഥാന് എല്ലാം മതിയാക്കാമായിരുന്നു. ഇന്ത്യ നിറുത്തുമെങ്കിൽ ഞങ്ങളും അതിന് സന്നദ്ധരാണെന്ന് അവരുടെ പ്രതിരോധമന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാൽ അത് ചെയ്യാതെ പാകിസ്ഥാൻ വീണ്ടും വിപത്തുകൾ ക്ഷണിച്ചുവരുത്തുന്നു. പാകിസ്ഥാനിൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നത് മന്ത്രിസഭയും പ്രധാനമന്ത്രിയുമല്ല. അവരുടെ സേനാമേധാവിയാണ് (ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്). ഇന്ത്യയുടെ സിവിലിയൻ കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങളടക്കം അദ്ദേഹത്തിന്റെ തീരുമാനമാണെന്ന് അനുമാനിക്കാം. അവസരം കാത്തിരുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ(ബി.എൽ.എ) ആക്രമണവും പാകിസ്ഥാന്റെ ശക്തി ചോർത്തുകയാണ്. പാകിസ്ഥാന് ഇക്കാര്യം തുടക്കം മുതലേ അറിയാം. പാകിസ്ഥാൻ ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്തിയപ്പോൾ തന്നെ ബി.എൽ.എ 14 പാക് ജവാന്മാരെ വധിച്ചിരുന്നു. ബി.എൽ.എയുടെയും തെഹ്റാക് ഇ- താലിബാൻ ഇ- പാകിസ്ഥാന്റെയും(ടി.ടി.പി) ആക്രമണങ്ങളും പാകിസ്ഥാനിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റ ബി.എൽ.എ പിടിച്ചെടുത്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ സേനയ്ക്കകത്തും പൊതുജനങ്ങൾക്കിടയിലും ആന്തരികഭിന്നതകളുണ്ടെന്നും സൂചനകളുണ്ട്.
അങ്ങാടിയിൽ തോറ്റതിന്
ഇന്ത്യയുടെ അഞ്ചുവിമാനങ്ങൾ വെടിവച്ചിട്ടു എന്നതടക്കം പലതരം നുണപ്രചാരണങ്ങളും പാകിസ്ഥാൻ പടച്ചുവിടുന്നുണ്ട്. ഇതെല്ലാം വ്യാജമാണെന്ന് കുറച്ചുകഴിയുമ്പോൾ അവർ തന്നെ സമ്മതിക്കുന്നുമുണ്ട്. പരസ്യമായി നാണംകെട്ട പാകിസ്ഥാൻ സൈന്യത്തിന്റെ ദുരഭിമാനവും യുദ്ധവിരാമം നീട്ടിക്കൊണ്ടുപോയേക്കാം. യുദ്ധഭൂമിയിൽ നിലവിൽ തോറ്റുനിൽക്കുന്ന പാകിസ്ഥാൻ സൈന്യം, അഭിമാനം സംരക്ഷിക്കാൻ പരമാവധി ശ്രമിക്കും.
1972ലെ ഷിംല കരാറിൽ പറയുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ്. ഇതിൽ നിന്നുമാറി പ്രകോപനങ്ങളുമായി മുന്നോട്ടുപോകണോ എന്ന് പാകിസ്ഥാന് തീരുമാനിക്കാം. അഭിമാനസംരക്ഷണത്തിന് തന്നാലാവുന്നത് ചെയ്യാനാണ് ശ്രമമെങ്കിൽ ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നേരിടേണ്ടി വരും.