ഇന്ത്യൻ ആത്മവിശ്വാസം ലോകത്തിന് മുന്നിൽ

Saturday 10 May 2025 12:31 AM IST

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളിൽ പാകിസ്ഥാനുമേൽ ഇന്ത്യ നേടിയ മേൽക്കൈ ലോകത്തിനു മുന്നിൽ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇന്നലെ രാവിലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിളിച്ച സേനാ മേധാവിമാരുടെ യോഗത്തിനുശേഷം പുറത്തുവന്ന ഫോട്ടോ. ഇന്ത്യൻ തിരിച്ചടിയിൽ ഞെട്ടിയ പാക് നേതാക്കൾ ആശങ്കയിൽ ഇരിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നതെങ്കിൽ ഡൽഹി യോഗത്തിൽ സേനാ മേധാവികളുമായി ചെറുപുഞ്ചിരിയോടെ സംസാരിക്കുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയാണ് കണ്ടത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം നിമിഷ നേരത്തിനുള്ളിൽ വൈറലായി.

ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഒഫ് ആർമി സ്റ്റാഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ.പി.സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവരും ആത്മവിശ്വാസം സ്‌ഫുരിക്കുന്ന മുഖവുമായാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിരോധ സംവിധാനത്തിലെ ഉന്നതർ ശാന്തരും ആത്മവിശ്വാസമുള്ളവരും സന്തോഷവാൻമാരുമായി കാണപ്പെടുന്നത് ഇന്ത്യ സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നുവെന്ന് വിലയിരുത്തപ്പെട്ടു.

പ്രതിരോധ മന്ത്രിയും സേനാ മേധാവികളും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂർ നീണ്ടു. നിലവിലെ സ്ഥിതിഗതികൾ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും തയ്യാറെടുപ്പുകൾ മറ്റ് സേനാമേധാവികളും വിശദീകരിച്ചു. വൈകിട്ട് മൂന്ന് സേനാമേധാവികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്‌ച നടത്തി.