കൊട്ടിയൂർ വൈശാഖ മഹോത്സവം: ഗോത്രമഹിമയിൽ ദൈവത്തെ കാണൽ ചടങ്ങ്
മണത്തണ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്റെയും കാടൻ സ്ഥാനികന്റെയും നേതൃത്വത്തിലാണ് നടന്നത്.
അവിലും ശർക്കരയും തേങ്ങയും ഉൾപ്പെടുന്ന പൂജാ സംവിധാനമാണ് ദൈവത്തെ കാണൽ ദിവസം വാകയാട് പൊടിക്കളത്തിൽ നടന്നത്. കൊട്ടിയൂരിലെ ഊരാളന്മാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ തന്റെ പൂജാവേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്.
ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച ദൈവത്തെ കാണൽ ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദൈവത്തെ കാണൽ ചടങ്ങ് കാണാൻ നിരവധി ഭക്തജനങ്ങളും എത്തിയിരുന്നു.
ഗോത്രാചാരത്തോടെ തുടക്കം
ഗോത്രാചാരത്തിൽ തുടങ്ങി 'ശൈവവൈഷ്ണവ ശാക്തേയ' ആരാധന രീതികൾ സമന്വയിക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് 'ദൈവത്തെ കാണൽ'ചടങ്ങോടെ തുടക്കമായിരിക്കുകയാണ്. വൈശാഖ മഹോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം 12ന് ഇക്കരെ കൊട്ടിയൂരിൽ നടക്കും.ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കും. തണ്ണീർ കുടി ചടങ്ങ്, നെല്ലളവ്, അവിൽ അളവ്, ആയില്യാർക്കാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ.