എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

Saturday 10 May 2025 2:06 AM IST

ശംഖുംമുഖം: വെള്ളിയാഴ്ച രാത്രി 8.30ന് 176 യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ പിൻവശത്തെ ഡോർ അടയാതിരുന്നതാണ് കാരണം. വിമാനം പറന്നുയർന്ന ഉടൻ തന്നെ പിൻഭാഗത്തെ ഡോർ അടഞ്ഞിട്ടില്ലെന്ന് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിലൂടെ കാറ്റ് ശക്തമായി അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ അപകടം മണത്ത പൈലറ്റ് ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി) അടിയന്തര ലാൻഡിംഗിനുള്ള അനുമതി തേടി സന്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് സൗകര്യങ്ങൾ ഒരുക്കുകയും വിമാനം ഉടൻതന്നെ സുരക്ഷിതമായി നിലത്തിറക്കുകയുമായിരുന്നു. യാത്രക്കാരെ ഉടൻതന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് വിമാനം അറ്റകുറ്റപ്പണികൾക്കായി റൺവേയിൽ നിന്ന് മാറ്റി.