കളർകോട് വാഹനാപകടം; മരിച്ച രണ്ട് വിദ്യാർത്ഥികളുടെ കുടുംബത്തിന് ഉടൻ ധനസഹായം

Saturday 10 May 2025 3:10 AM IST

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ കുടുംബത്തിനുള്ള ആശ്വാസ ധനസഹായം ആരോഗ്യ സർവകലാശാല തിങ്കളാഴ്ച കൈമാറും. അപകടമുണ്ടായി അഞ്ച് മാസം പിന്നിട്ടിട്ടും മന്ത്രിമാർ ഉറപ്പ് നൽകിയ സാമ്പത്തികസഹായം വിദ്യാർത്ഥികളുടെ കുടുംബത്തിന് ലഭിക്കാത്തത് സംബന്ധിച്ച് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ആരോഗ്യ സർവ്വകലാശാലയിലെ ബനവലന്റ് സ്കീമിൽ നിന്ന് വിദ്യാർത്ഥികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം കൈമാറുമെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അറിയിച്ചത്. രേഖകൾ സമർപ്പിച്ച്, പരിശോധന പൂർത്തീകരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജ്ജ്, കാവാലം സ്വദേശി ആയുഷ് ഷാജി എന്നിവരുടെ കുടുംബത്തിന്റെ അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖ തിങ്കളാഴ്ച്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ വിദ്യാർത്ഥികളുടെ കുടുംബത്തിന് കൈമാറും. സമർപ്പിക്കപ്പെട്ട മുറയ്ക്കനുസരിച്ച് ബാക്കി നാല് വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിച്ചു വരികയാണെന്ന് ഡോ.മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.