എസ്.എസ്.എൽ.സി പരീക്ഷ ആലപ്പുഴയ്ക്ക് ആവേശ വിജയം

Saturday 10 May 2025 2:14 AM IST

# ജില്ലയിൽ 99.7,​ കുട്ടനാട്ടിൽ 100 ശതമാനം വിജയം

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ആലപ്പുഴ ജില്ലയ്ക്ക് മിന്നും വിജയം. 99.7 ശതമാനം വിജയത്തോടെ 21260 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 3384 പേർ എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് നൂറ് ശതമാനമാണ് വിജയം. 51സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പടെ ജില്ലയിലെ 126 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയമുണ്ട്. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ 246 ആൺകുട്ടികളും 582 പെൺകുട്ടികളും ഉൾപ്പെടെ 828 പേരും,​ ആലപ്പുഴയിൽ 337 ആൺകുട്ടികളും 636 പെൺകുട്ടികളും ഉൾപ്പെടെ,​ 973 പേരും മാവേലിക്കരയിൽ 482 ആൺകുട്ടികളും 823 പെൺകുട്ടികളും ഉൾപ്പെടെ 1305 പേരും,​ കുട്ടനാട്ടിൽ 107 ആൺകുട്ടികളും 171 പെൺകുട്ടികളും എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി.വിജയശതമാനത്തിൽ കഴിഞ്ഞവർഷം ആറാം സ്ഥാനത്തായിരുന്ന ജില്ല ഇക്കുറി നാലാം സ്ഥാനത്താണ്‌. കണ്ണൂർ, കോട്ടയം, എറണാകുളം ജില്ലകളാണ്‌ ആദ്യ മൂന്ന്‌ സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം 99.72 ശതമാനമായിരുന്നു ജില്ലയുടെ വിജയം. പരീക്ഷയെഴുതിയ 10920 ആൺകുട്ടികളിൽ 10888 പേരും, 10403 പെൺകുട്ടികളിൽ 10372 പേരും വിജയിച്ചു. സൈറ്റുകളിൽ ഫലം പരിശോധിച്ച ശേഷം മിക്ക സ്കൂളുകളിലും വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുമിച്ചുകൂടി മധുരം പങ്കുവച്ചു.

വിജയനില

(വിദ്യാഭ്യാസ ജില്ല,​ പരീക്ഷ എഴുതിയവർ,​വിജയിച്ചവർ,​ ശതമാനം)

മാവേലിക്കര: 6670 - 6655 - 99.78

ആലപ്പുഴ : 6228 - 6208 - 99.68

ചേർത്തല : 6532 - 6504 - 99.57

കുട്ടനാട് : 1893 - 1893 - 100

ജില്ലയിൽ

പരീക്ഷ എഴുതിയവർ: 21288

വിജയികൾ : 21225

എ പ്ലസ് : 3377