പാചകത്തൊഴിലാളികൾ പട്ടിണിയിലാണ്

Saturday 10 May 2025 2:14 AM IST

ആലപ്പുഴ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ വർഷത്തെ ഫണ്ടും അവധിക്കാല സമാശ്വാസവും ലഭിക്കാതെ സ്കൂൾ പാചക തൊഴിലാളികൾ. ഫെബ്രുവരി, മാർച്ച് മാസത്തെ തുകയാണ് ലഭിക്കാനുള്ളത്. ഇതുകൂടാതെ ഏപ്രിൽ മാസത്തെ അവധിക്കാല സമാശ്വാസമായ 2000 രൂപയും ലഭിക്കാനുണ്ട്. ഒരുമാസം 1000 രൂപയാണ് തൊഴിലാളികൾക്ക് നൽകുന്നത്. ഇതിൽ 600 രൂപ കേന്ദ്രത്തിന്റെയും 400 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതൊടൊപ്പം തന്നെ 600 രൂപ വീതം കൂലിയായും നൽകും. ശമ്പളം മുടങ്ങുന്നത് പതിവാണെന്നും പാചകത്തൊഴിലാളികൾ പറയുന്നു. സമരം നടത്തുമ്പോഴാണ് പലപ്പോഴും കുടിശിക തീർക്കുന്നത്.അല്ലെങ്കിൽ രണ്ടും മൂന്നും മാസം കൂടുമ്പോൾ ശമ്പളം ഒരുമിച്ചു നൽകുകയാണ് പതിവ്.

മുമ്പുള്ളതിലും കൂടുതൽ ഭക്ഷണം പൊതുവിദ്യാലയങ്ങൾ വഴി വിദ്യാർത്ഥികൾക്ക് നൽകേണ്ടതിനാൽ വലിയ ജോലി ഭാരമാണ് തൊഴിലാളികൾ അനുഭവിക്കുന്നത്. ചോറിനൊപ്പം പലതരം കറികൾ വേണം. മുട്ടയും പാലും വിഭവങ്ങളിൽപ്പെടും. 500 പേർക്കുള്ള മുട്ട നന്നാക്കി എടുക്കുന്നതിന് തന്നെ മണിക്കൂറുകൾ വേണം. വലിയ പാത്രങ്ങളിൽ ആഹാരം പാകം ചെയ്യുന്നതിനാൽ ഇവ കഴുകി എടുക്കാനും വലിയ ബുദ്ധിമുട്ടാണ്.

500കുട്ടികൾക്ക്

ഒരുതൊഴിലാളി

സ്കൂളുകളിൽ 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം ഉണ്ടാക്കാൻ ഓരാളെക്കൊണ്ട് സാധിക്കില്ലെന്ന് ഇവർ പറയുന്നു. ജോലിഭാരം കുറയ്ക്കാൻ പാചകത്തൊഴിലാളികൾ തന്നെ സഹായിയായി ഒരാളെ നിയമിക്കുകയാണ്. ശമ്പളത്തിന്റെ പകുതി സഹായിക്കും നൽകണം. കഴിഞ്ഞ 22ന് സമരം നടത്തിയതിന്റെ ഭാഗമായി

തൊഴിലാളികളുടെ അധ്വാനഭാരം കുറക്കുന്നതിനായി 250 കുട്ടികൾക്ക് ഒരു തൊഴിലാളി, 500 കുട്ടികൾക്ക് അധികമായി ഒരു ഹെല്പർ, 750 കുട്ടികൾക്ക് അധികമായി രണ്ട് ഹെല്പർ എന്ന ശുപാർശ സർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ആകെ തൊഴിലാളികൾ: 13466

ദിവസശമ്പളം: 600

ഉത്സവബത്ത: 1300

അവധിക്കാല അലവൻസ്: 2000

ഏപ്രിൽ മാസത്തിൽ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. കൂടാതെ ലഭിക്കാനുള്ള കുടിശികയും എത്രയും വേഗം നൽകണം

-പി.ജി. മോഹനൻ

സംസ്ഥാന ജനറൽ സെക്രട്ടറി,​

സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ