പാകിസ്ഥാന് പ്രഹരമായി ആഭ്യന്തര കലഹവും

Saturday 10 May 2025 4:28 AM IST

ഇസ്ലാമാബാദ്: ഇന്ത്യയുടെ തിരിച്ചടിയിൽ പതറുന്ന പാകിസ്ഥാന് ബലൂചിസ്ഥാൻ പോരാളികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇരട്ട പ്രഹരമായി. ബലൂച് സായുധ സേനയുടെ മൂന്ന് ഗ്രൂപ്പുകൾ പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ ക്വറ്റ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചു. പാകിസ്ഥാൻ പതാക തകർത്തശേഷം ബലൂച് പതാക ഉയർത്തുകയും ചെയ്തു.

പാകിസ്ഥാൻ സേനയ്‌ക്കെതിരായ ആക്രമണം ശക്തമാക്കിയ ബലൂചികൾ കെച്ചിലെ തുർബത്തിൽ പാക് സൈനിക പോസ്റ്റിനുനേരെ വെടിവയ്പും സ്ഫോടനപരമ്പരയും നടത്തി. ഗിന്ന, നസിറാബാദ് പ്രദേശങ്ങളിലെ സൈനിക പോസ്റ്റിനു നേരെ റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ പ്രയോഗിച്ചു. ഹൈരാബാദ്, മീരാബാദ്, ടമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി. മസ്തുംഗിലെ കാഡ്കോച്ചിൽ ധാതുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെ ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.

'ബലൂച് ജനത സ്വന്തം പതാക ഉയർത്താൻ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവർത്തനങ്ങൾ പാകിസ്ഥാനിൽനിന്ന് ബലൂചിസ്ഥാനിലേക്ക് മാറ്റേണ്ട സമയമായി'- ബലൂച് പ്രസ്ഥാനത്തിന്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിർ യാർ ബലൂചി എക്സിൽ കുറിച്ചു. അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് വലിയ വെല്ലുവിളി ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിൽനിന്ന് വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമുണ്ടായി.

ഇമ്രാന്റെ മോചനം തേടി

അണികൾ തെരുവിൽ

മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പി.ടി.ഐ)​ പ്രവർത്തകർ പാക് സർക്കാരിനെതിരെ ഇന്നലെയും തെരുവിലിറങ്ങി. ഇമ്രാൻഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഹോറിൽ മാർച്ച് നടത്തി. പാകിസ്ഥാനെ രക്ഷിക്കാൻ ഇമ്രാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം.

സൈന്യത്തിൽ ഭിന്നത

മേധാവിയെ മാറ്റി?

പാക് സൈന്യത്തിലെ ഉന്നതർക്കിടയിലും ഭിന്നത. സൈനിക മേധാവി അസിം മുനീറിനെ പുറത്താക്കിയതായി റിപ്പോർട്ട്. പാകിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസ പകരം സ്ഥാനമേറ്റെടുത്തു എന്നാണ് വിവരം. അസിമിനെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നിൽ സാഹിറാണെന്നാണ് വിവരം.