പിഎസ്എൽ യുഎഇയിൽ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, നടക്കില്ലെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ്

Friday 09 May 2025 11:37 PM IST

അബുദാബി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരവേദിയിലടക്കം ഡ്രോൺ ആക്രമണം നടന്നിരുന്നു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരത്തിന് മണിക്കൂർ മുൻപ് ഡ്രോൺ ആക്രമണം ഉണ്ടായത്. തുടർന്ന് നിർത്തിവച്ച പിഎസ്എൽ ഇനി യുഎഇയിൽ നടക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഈ പ്രഖ്യാപനത്തിന് ഒരു പ്രധാന തടസം ഉയർന്നിരിക്കുകയാണ്.

മറ്റാരുമല്ല യുഎഇ ക്രിക്കറ്റ് ബോർഡ് പാകിസ്ഥാന്റെ ഈ ആവശ്യം തള്ളിക്കളയും എന്നാണ് വിശ്വസ്‌ത കേന്ദ്രങ്ങൾ പറയുന്നത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം സുരക്ഷാ പ്രശ്‌നമുണ്ടാക്കും എന്ന ആശങ്കയുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സഖ്യകക്ഷിയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. എന്നാൽ അടുത്തിടെ നടന്ന സംഭവങ്ങൾ ഇവരെയും പാകിസ്ഥാനുമായി അകലാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.

ദുബായിലാണ് നിലവിൽ ഐസിസിയുടെ ആസ്ഥാനം. ഇന്ത്യക്കാരും പാകിസ്ഥാൻകാരുമടക്കം നിരവധി ക്രിക്കറ്റ് ആരാധകർ ഇവിടെയുണ്ട്. ഇവരിൽ വ്യത്യസ്‌ത അഭിപ്രായമുണ്ടാകാൻ പാകിസ്ഥാന്റെ നിലപാട് കാരണമാകും എന്ന് യുഎഇ കരുതുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഐപിഎല്ലും നീട്ടിവച്ചു.