ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ്: നാഗ്പൂരിൽ അറസ്റ്റിലായ റെജാസ് ഇന്റലിജൻസ് നിരീക്ഷിക്കുന്നയാൾ

Saturday 10 May 2025 1:21 AM IST

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിട്ട കേസിൽ നാഗ്പൂരിലെ ലക്ദ്ഗഞ്ച് പൊലീസിന്റെ പിടിയിലായ ഇടപ്പള്ളി കീർത്തിനഗർ സ്വദേശി റെജാസ് എം.സിദ്ദിഖ് (26) സംസ്ഥാന - കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ളയാൾ.

കാശ്മീരിൽ ഭീകരാക്രമണം നടത്തിയവരുടെ വീടുകൾ പൊളിച്ചതിനെതിരെ കഴിഞ്ഞ മാസം 29ന് പനമ്പള്ളിനഗർ സെന്റർ പാർക്കിന് സമീപം ഇയാളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ ഇയാളെയടക്കം എട്ടുപേരെ അന്ന് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. പൊതുവഴി തടസപ്പെടുത്തിയതിനും അന്യായമായി സംഘം ചേർന്നതിനുമായിരുന്നു കേസ്.

നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) അനുഭാവിയാണെന്നാണ് ഇയാളെക്കുറിച്ച് പൊലീസിന് ആദ്യം ലഭിച്ച വിവരങ്ങൾ. ഓൺലൈൻ മാദ്ധ്യമപ്രവർത്തകനാണെന്ന തരത്തിലായിരുന്നു കൊച്ചിയിൽ പ്രകടനത്തിന് എത്തിയത്. ഒപ്പമുള്ളവരും ഓൺലൈൻ മാദ്ധ്യമപ്രവർത്തകരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഇത് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡോ മറ്റോ ഇയാളുടെയോ ഒപ്പമുണ്ടായിരുന്നവരുടെയോ കൈവശമുണ്ടായിരുന്നില്ല. തീവ്രസ്വഭാവ സംഘടനകളുമായി ഇയാൾക്ക് ബന്ധങ്ങളുണ്ടോയെന്നതിൽ വിവരശേഖരണം നടത്തിവരവെയാണ് റെജാസ് നാഗ്പൂരിൽ പിടിയിലായ വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്നത്.

ബീഹാർ സ്വദേശിയും മൂന്ന് സ്ത്രീകളുമുൾപ്പെടെ ഏഴ് പേരാണ് ഭീകരരുടെ വീടു പൊളിച്ചതിനെതിരെ റെജാസിനൊപ്പം കൊച്ചിയിൽ പ്രതിഷേധത്തിലുണ്ടായിരുന്നത്. ചോറ്റാനിക്കര സ്വദേശി കെ.കെ. ഉണ്ണി (30), ബീഹാർ ഔറംഗബാദ് സ്വദേശി ഷാദ്മാൻ (31), കോഴിക്കോട് കുറ്റിയാടി സ്വദേശി അഷ്ഫാഖ് (32), ഇടുക്കി വെള്ളത്തൂവൽ സ്വദേശി ഡാനിയൽ ജോസ് (24), മുംബയ് മലയാളി ആതിര വേണു (29), മലപ്പുറം സ്വദേശി ഫാത്തിമ നിദ (24), ഇടുക്കി സ്വദേശി പ്രീതിസൺ (25) എന്നിവരാണ് റെജാസിനൊപ്പം അറസ്റ്റിലായത്. ഇന്നലെ നാഗ്പൂരിൽ ഒപ്പം പിടിയിലായ യുവതി കൊച്ചിയിലെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.