പാകിസ്ഥാൻ മത സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു
ന്യൂഡൽഹി: അതിർത്തിയിലെ ഡ്രോൺ ആക്രമണങ്ങളിൽ മത സ്ഥാപനങ്ങളെപ്പോലും പാകിസ്ഥാൻ വെറുതെ വിടുന്നില്ലെന്ന് ഇന്ത്യ ആരോപിച്ചു. സൈനിക സംഘർഷത്തിന് വർഗീയ നിറം നൽകാനും ഇന്ത്യയിൽ ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമമാണിതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൂണ്ടിക്കാട്ടി.
കാർമെലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോൺഗ്രിഗേഷൻ നടത്തുന്ന ക്രൈസ്റ്റ് സ്കൂളിന് തൊട്ടുപിന്നിൽ മേയ് 7 ന് പുലർച്ചെ ഒരു ഷെൽ പതിച്ച്, രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അവരുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു ഷെൽ സമീപത്തുള്ള ഒരു ക്രിസ്ത്യൻ കോൺവെന്റിൽ പതിച്ച് വാട്ടർ ടാങ്കുകളും സൗരോർജ്ജ പാനലുകളും തകർന്നു. സ്കൂൾ അടച്ചിട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി. ആക്രമണ സമയത്ത് പുരോഹിതരും കന്യാസ്ത്രീകളും ജീവനക്കാരും ഒരു ഭൂഗർഭ ഹാളിൽ അഭയം തേടിയിരുന്നു.അക്രമത്തിൽ പൂഞ്ചിലെ നങ്കന സാഹിബ് ഗുരുദ്വാരയും തകർന്നു. ഗുരുദ്വാര തകർത്തത് ഇന്ത്യൻ സേനയാണെന്ന പാകിസ്ഥാൻ വാദം വിദേശകാര്യ മന്ത്രാലയം തള്ളി. ആക്രമണത്തിൽ നാല് കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെട്ടു.