നിയന്ത്രണം കടുപ്പിക്കുന്നു: ജയ്സാൽമീറിലും ബ്ലാക്ക് ഔട്ട്
ജയ്പൂർ: അതിർത്തി സംസ്ഥാനങ്ങളിൽ കടുത്ത ജാഗ്രത തുടരുകയാണ്. നിലവിൽ ശാന്തമാണെങ്കിലും ഏത് അവസ്ഥയേയും നേരിടാൻ അതിർത്തികൾ പൂർണ സജ്ജമാണ്. പഞ്ചാബിലെ ഗുരുദാസ്പൂരിനുപുറമേ രാജസ്ഥാനിലെ ജയ്സാൽമീറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ കച്ചവടസ്ഥാപനങ്ങളുൾപ്പെടെ അടയ്ക്കാൻ നിർദ്ദേശം നൽകി. വൈകിട്ട് 6 മുതൽ ഇന്ന് രാവിലെ 6 വരെയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. എല്ലാ ലൈറ്റുകളും ഓഫാക്കി. യാത്രാ വിലക്കേർപ്പെടുത്തി. സൈനിക കേന്ദ്രങ്ങൾക്ക് അഞ്ച് കിലോ മീറ്റർ ചുറ്റളവിലാണ് നിയന്ത്രണങ്ങൾ. അനുമതി മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലമാണ് ജയ്സാൽമീർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കുകയാണ്. ജനങ്ങൾ വീട്ടിൽ തന്നെ കഴിഞ്ഞു. ഇടയ്ക്കിടെ ജാഗ്രതാ സൈറൺ മുഴങ്ങി. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഭയാനകമായ ശബ്ദങ്ങൾ കേട്ടെന്ന് പ്രദേശവാസികൾ അറിയിച്ചിരുന്നു.
പഞ്ചാബിൽ മന്ത്രിസഭായോഗം
അമൃത്സർ, പത്താൻകോട്ട്, ഫിറോസ്പൂർ, ഗുരുദാസ്പൂർ എന്നിവയുൾപ്പെടെ പഞ്ചാബിലെ നിരവധി അതിർത്തി പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പഞ്ചാബിൽ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്തു. പത്ത് മന്ത്രിമാർക്ക് അതിർത്തി ജില്ലകളുടെ ചുമതല നൽകി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ തുറക്കരുത്. ഫരീദ് കോട്ടിനുപുറമേ ചണ്ഡിഗറിലും പടക്കം നിരോധിച്ചു. അറിയിപ്പുണ്ടായാൽ പൂർണ ബ്ലാക്ക് ഔട്ടിലേക്ക് പോകണം. മൊഹാലിയിലും രൂപ്‌നഗറിലും ഗുരുദ്വാരകളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. അതീവ ജാഗ്രത തുടരുന്ന ഗുജറാത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. കച്ചിലും പടക്കങ്ങളും ഡ്രോണുകളും നിരോധിച്ചു.