500 കിലോ ഭാരമുള്ള ബഹിരാകാശ പേടകം ഭൂമിയിലേക്ക്, ഇടിച്ചിറങ്ങുന്നതെവിടെ
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് 500 കിലോഗ്രാം ഭാരമുള്ള ബഹിരാകാശ പേടകം ഇന്ന് പ്രവേശിക്കും. 1972ൽ ശുക്രനിലേക്ക് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച 482 ബഹിരാകാശ പേടകമാണ് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്. വിക്ഷേപിച്ച് 53 വർഷങ്ങൾക്ക് ശേഷമാണ് പേടകം തിരികെ എത്തുന്നത്. എന്നാൽ കോസ്മോസ് പേടകം ഭൂമിയിൽ ഇടിച്ചിറങ്ങുമോ അന്തരീക്ഷത്തിലേക്ക് വച്ച് കത്തിത്തീരുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം, ഇതു സംബന്ധിച്ച് കൃത്യമായ പ്രവചനം ഇതുവരെ സാദ്ധ്യമായിട്ടില്ല. പോളണ്ടിന് മുകളിൽ വച്ചാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
1972 മാർച്ച് 31ന് സോവിയറ്റ് യൂണിയൻ നടത്തിയ കോസ്മോസ് 482ന്റെ വിക്ഷേപണം പരാജയമായിരുന്നു. സാങ്കേതിക തകരാർ കാരണം കോസ്മോസ് 482 ഒരിക്കലും ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തു കടന്നില്ല. അന്നു മുതൽ ഈ പേടകം ഭൂമിയെ വലംവയ്ക്കുകയായിരുന്നു. അതേസമയം പേടകം ഭൂമിയിൽ പതിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അഥവാ പേടകം കത്തിത്തീരാതെ പതിച്ചാൽ തന്നെ ജലാശയങ്ങൾക്ക് മുകലിൽ വീഴാനാണ് സാദ്ധ്യത എന്നും വിലയിരുത്തപ്പെടുന്നു.
എന്നാൽ പേടകത്തിന്റെ തിരിച്ചുവരവിനെ അത്ര ഭയക്കേണ്ടതില്ല എന്നാണ് ഡച്ച് സാറ്റലൈറ്റ് ട്രാക്കർ മാർക്കോ ലാംഗ്‌ബ്രോക്ക് പറയുന്നത്. കത്തിത്തീരാനാണ് സാദ്ധ്യത കൂടുതലെങ്കിലും ഭൂമിയിൽ പേടകം പതിക്കാനുളശ്ള സാദ്ധ്യതയും മാർക്കോ ലാംഗ്ബ്രോക്ക് തള്ളിക്കളയുന്നില്ല. ശുക്രനിലെ ഉയർന്ന മർദ്ദം , കഠിനമായ ചൂട് എന്നിവയെ അതീജീവിക്കാൻ കഴിയുന്ന തരത്തിൽ രൂപകല്പന ചെയ്ത ഈ കോസ്മോസ് 482 പേടകം ഭൂമിയിലേക്കുള്ള പുനഃപ്രവേശനത്തെ അതീജീവിക്കാൻ നേരിയ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.