സേനയ്ക്ക് ഐക്യദാർഢ്യം സ്റ്റാലിൻ നയിക്കുന്ന റാലി ഇന്ന്
ചെന്നൈ: ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ന് ചെന്നൈയിൽ തമിഴ്നാട് സർക്കാർ കൂറ്റൻറാലി നടത്തും. പാകിസ്ഥാനെതിരായ സൈനിക നടപടി തുടങ്ങിയശേഷം ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സൈന്യത്തിന് പിന്തുണയുമായി റാലി നടത്തുന്നത്.
ഇന്ന് വൈകിട്ട് 5ന് പൊലീസ് ആസ്ഥാനത്തു നിന്നും ആരംഭിക്കുന്ന റാലി അഞ്ച് കിലോമീറ്റർ പിന്നിട്ട് യുദ്ധ സ്മാരകത്തിൽ അവസാനിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയിക്കുന്ന റാലിയിൽ മന്ത്രിമാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കൊപ്പം കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും പങ്കെടുക്കും.
''ഭീകരത വളർത്തുന്ന പാകിസ്ഥാൻ ഇന്ത്യയ്ക്ക് ദോഷമാണ്. നമ്മളെ സംരക്ഷിക്കാൻ ധീരമായി പോരാടുന്ന ഇന്ത്യൻ സൈന്യത്തിന് പിന്തുണ നൽകേണ്ട സമയമാണിത്. നമ്മുടെ ഐക്യവും പിന്തുണയും പ്രകടിപ്പിക്കാം''
- എം.കെ.സ്റ്റാലിൻ,
മുഖ്യമന്ത്രി, തമിഴ്നാട്