പാകിസ്ഥാന് തിരച്ചടി സിന്ധു നദീജല കരാർ: ഇടപെടാനില്ലെന്ന് ലോക ബാങ്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന് വീണ്ടും തിരിച്ചടി. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക് പാകിസ്ഥാനെ അറിയിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ല. സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോക ബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മദ്ധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യൻ സന്ദർശനം മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അതേസമയം, ഉത്തർ പ്രദേശിലെ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ സന്ദർശനമെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960കളിൽ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിലും തുടർന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്ക്കുന്നതിലും ലോക ബാങ്കിന്റെ ഇടപെടലുണ്ടായിരുന്നു.
അതിനിടെ, കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ജമ്മു കാശ്മീരിലെ റീസിയിലുള്ള സലാൽ അണക്കെട്ടിന്റെ ഗേറ്റുകളും ബാഗ്ലിഹാർ അണക്കെട്ടിന്റെ ഒരു ഗേറ്റും തുറന്നു. രണ്ട് അണക്കെട്ടുകളും ചെനാബ് നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാൽ പാകിസ്ഥാനിൽ പ്രളയ ഭീഷണിയും ഉയർന്നു.
ഇന്ത്യ - പാക് സംഘർഷം ആയുധം താഴെ വയ്ക്കാൻ പറയാനാവില്ല; വാൻസ്
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യയോട് ആയുധം താഴെ വയ്ക്കാൻ അമേരിയ്ക്ക് പറയാൻ കഴിയില്ല. അതുപോലെ പാകിസ്ഥാനോടും. അതിനാൽ, നയതന്ത്ര മാർഗങ്ങളിലൂടെ ഈ വിഷയം ചർച്ച ചെയ്യും. അതേസമയം, ഇത് വലിയ പ്രാദേശിക യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നും വാൻസ് പറഞ്ഞു. ഇതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ഫോണിൽ വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിന് പിന്തുണ അറിയിക്കുകയും സംഘർഷം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ നിന്നുള്ള പ്രകോപനങ്ങളെ ഇന്ത്യ ശക്തമായി നേരിടുമെന്ന് റൂബിയോയോട് ജയ്ശങ്കർ അറിയിച്ചു. ഭീകരവാദ ഗ്രൂപ്പുകൾക്കുള്ള എല്ലാ പിന്തുണയും പാകിസ്ഥാൻ അവസാനിപ്പിക്കാൻ അവസനിപ്പിക്കണമെന്നും റൂബിയോ ഷെഹ്ബാസിനോട് ആവശ്യപ്പെട്ടു.