ആദ്യ ദിവ്യബലി അർപ്പിച്ച് ലിയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: മാർപാപ്പയായ ശേഷം സിസ്റ്റീൻ ചാപ്പലിൽ ആദ്യ കുർബാന അർപ്പിച്ച് പ്രെവോസ്റ്റ് ഇനി ലിയോ പതിനാലാമൻ മാർപാപ്പ. വിശ്വാസക്കുറവിനാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ മാർപാപ്പ, കത്തോലിക്കാ സഭയ്ക്ക് ലോകത്തിലെ "ഇരുണ്ട രാത്രികളെ" പ്രകാശിപ്പിക്കുന്ന ഒരു ദീപസ്തംഭമായി മാറാൻ കഴിയുമെന്നും പറഞ്ഞു.
ആളുകൾ വിശ്വാസത്തിൽ നിന്നകന്ന് സാങ്കേതികവിദ്യ, പണം, വിജയം, അധികാരം എന്നിവയിലേക്ക് തിരിയുകയാണ്. ഈ ലോകത്തിലെ ഇരുണ്ട രാത്രികളെ പ്രകാശിപ്പിക്കുന്ന ഒരു വിളക്കുമാടമായി പ്രവർത്തിക്കുന്ന ഒരു സഭയുടെ "വിശ്വസ്ത ഭരണാധികാരി"യായിട്ടാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും പറഞ്ഞു.അതേസമയം, അദ്ദേഹത്തിന്റെ സ്ഥാനാരോഹണം യു.എസും 20 വർഷം അദ്ദേഹം സേവനമനുഷ്ഠിച്ച പെറുവിലെ ജനങ്ങൾ ആഘോഷിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി അമേരിക്കൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ (69) കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. മാർപാപ്പ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് അദ്ദേഹം. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ തുടങ്ങിയ കർദ്ദിനാൾമാരുടെ കോൺക്ലേവിന്റെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് ലിയോ മാർപാപ്പയെ ആഗോള കത്തോലിക്ക സഭയുടെ 267 -ാം പരമാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ പാപ്പയെ തിരഞ്ഞെടുത്തെന്ന വിവരം ലോകം അറിഞ്ഞത്. തുടർന്ന് മുതിർന്ന കർദ്ദിനാൾ ഡീക്കൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തി പുതിയ പാപ്പയെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചു. അതുവരെ ആകാംക്ഷ അടക്കി കാത്തുനിന്ന വിശ്വാസികൾ പ്രാർത്ഥനയോടെ ലിയോ മാർപാപ്പയെ വരവേറ്റു. ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം വിശ്വാസി സമൂഹത്തെ ആശിർവദിച്ചു. ബുധനാഴ്ചയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സിസ്റ്റീൻ ചാപ്പലിൽ തുടങ്ങിയത്.