സൂര്യന്റെ ചൂടും പ്രകാശവും വർദ്ധിക്കും,​ ഭൂമി കത്തിച്ചാമ്പലാവും ,​ ലോകാവസാനം പ്രവചിച്ച് മസ്ക്

Saturday 10 May 2025 3:39 AM IST

ബഹിരാകാശ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ലോക കോടിശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സൃഷ്ടിച്ചത്. 2002 മാർച്ച് 14ന് സ്ഥാപിതമായ സ്പേസ് എക്സിന്റേതാണ് ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹനമായ സ്റ്റാർഷിപ്പ്. ബഹിരാകാശ യാത്രയ്ക്ക് ചെലവ് കുറയ്ക്കുക എന്നതാണ് സ്പേസ് എക്സിന്റെ ലക്ഷ്യങ്ങളിലൊന്ന്. ചൊവ്വയിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റമാണ് സ്പേസ് എക്സിലൂടെ ഇലോൺ മസ്ക് നടപ്പാക്കാനിരിക്കുന്ന സ്വപ്ന പദ്ധത്. ചൊവ്വയിൽ സ്ഥിര താമസമാക്കുക എന്നത് ഒരുസ്വപ്നത്തെക്കാൾ അപ്പുറം ഒറു ആവശ്യകതയെന്നാണ് കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് അവതാരകനായ ജെസ് വാട്ടേഴ്‌സുമായുള്ള അഭിമുഖത്തിൽ ഇലോൺ മസ്ക് പറഞ്ഞത്. ഭൂമിയുടെ അവസാനത്തെ കുറിച്ചും മസ്ക് അഭിമുഖത്തിൽ പ്രവചിച്ചു.

ഭൂമി സ്ഥിരതയുള്ളതാണെന്ന് ഇപ്പോൾ തോന്നിയേക്കാം. എന്നാൽ ഭാവിയിൽ അങ്ങനെയാകില്ല. സൂര്യന്റെ ചൂടും പ്രകാശവും വർദ്ധിച്ച് ക്രമേണ ഭൂമിയുടെ അന്തരീക്ഷം ഇല്ലാതാകും . ഇതു കാരണം സമുദ്രങ്ങൾ തിളച്ചു മറിയും. നാളെ തന്നെ സംഭവിക്കില്ലെങ്കിലും ഏകദേശം 450 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ഭൂമിയിൽ ജീവൻ ഉണ്ടാകില്ലെന്ന് തന്നെയാണ് മസ്ക് പറയുന്നത്. സൂര്യൻ ക്രമേണ വികസിക്കുകയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും സൂര്യനാൽ ഇല്ലാതാകും. അതിനാൽ ഒരു ഘട്ടത്തിൽ നമുക്ക് മറ്റ് ഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വരും. കാരണം ഭൂമി കത്തിച്ചാമ്പലാകും. മസ്ക് പറഞ്ഞു.

ലൈഫ് ഇൻഷുറൻസ് എന്ന രീതിയിലാണ് മസ്ക് ചൊവ്വയെ കുറിച്ച് വിശേഷിപ്പിക്കുന്നത്. ഭൂമി ഇല്ലാതാകുമ്പോൾ മനുഷ്യരാശിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള മാർഗമാണ് ചൊവ്വ. 450 ദശലക്ഷം വർഷം വലിയ കാലയളവാണെങ്കിലും ചൊവ്വയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങണമെന്നും മസ്ക് പറയുന്നു. മനുഷ്യരെ അടക്കം ചൊവ്വയിൽ എത്തിക്കാനുള്ള സ്റ്റാർഷിപ്പ് എന്നറിയപ്പെടുന്ന പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ പണിപ്പുരയിലാണ് മസ്ക്,​

2026 അവസാനത്തോടെ ചൊവ്വ ദൗത്യം നടക്കുമെന്ന് മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2029ലോ 2031ലോ മനുഷ്യരെ ചൊവ്വയിൽ ഇറക്കാനായേക്കുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു.