യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; രാജ്യത്തെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടു

Saturday 10 May 2025 7:48 AM IST

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിലെ എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). 2025 മേയ് ഒമ്പത് മുതൽ മേയ് 14 വരെയാണ് വിമാനത്താവളങ്ങൾ അടച്ചിടുന്നത്.

അധാംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിന്ദ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജയ്സാൽമീർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ട്ല, കാംഗ്ര (ഗഗ്ഗൽ), കെശോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലായ് എന്നിവയാണ് അടച്ചിട്ട വിമാനത്താവളങ്ങൾ. മേയ് 14 വരെയുള്ള അഞ്ച് ദിവസത്തേക്ക് ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുന്നുവെന്നാണ് എഎഐ പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

ഇന്ത്യ - പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേയ് എട്ടിന് 24 വിമാനത്താവളങ്ങൾ അടച്ചുപൂട്ടുന്നതായി എഎഐ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടൽ 15 വരെ നീളുമെന്ന വിവരം പുറത്തുവന്നത്. മേഖലകളിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് എഎഐയുടെ നീക്കം. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.

ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ ഇതിനെയെല്ലാം നിർവീര്യമാക്കിയെങ്കിലും വ്യോമയാന സുരക്ഷ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാർക്ക് പൂർണമായ റീഫണ്ട് അല്ലെങ്കിൽ യാത്ര പുനഃക്രമീകരിക്കാനുള്ള സൗകര്യവും പല വിമാനക്കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്.