വിജയ്‌യെ തേടി ആ സന്ദേശമെത്തി, ആരാധകർക്ക് കാര്യം ഏകദേശം ഉറപ്പായി; വീണ്ടും ചർച്ചയായി രശ്മികയുടെ സ്റ്റോറി

Saturday 10 May 2025 9:43 AM IST

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇരുവരും. ഇന്നലെ വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ആയിരുന്നു. രശ്മിക പിറന്നാൾ ആശംസകൾ നേർന്ന പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയത്.

വിജയ്‌യുടെ ചിത്രം പങ്കുവച്ചായിരുന്നു ആശംസകൾ. ' ഞാൻ വീണ്ടും വളരെ വെെകിപ്പോയി. ജന്മദിനാശംസകൾ വിജ്ജു. നിങ്ങളുടെ ദിവസങ്ങൾ സന്തോഷവും ആരോഗ്യവും അനുഗ്രഹങ്ങളും സമ്പത്തും സമാധാനവും നിറഞ്ഞിരിക്കട്ടെ',- എന്നും നടി കുറിച്ചു. പോസ്റ്റിൽ വിജയ്‌യെ വിജ്ജു എന്നാണ് രശ്മിക അഭിസംബോധന ചെയ്യുന്നത്. ഇതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഈ ജന്മദിനാശംസകളിലെ വാക്കുകൾ അവരുടെ അടുപ്പത്തെ സൂചിപ്പിക്കുന്നതായി ചിലർ പറയുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.

2023 ജനുവരി മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്. ഇരുവരും മാലദ്വീപിലെ അവധി ആഘോഷിച്ച ചിത്രങ്ങൾ മുൻപ് വെെറലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ശ്രീലങ്കയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അഭ്യൂഹങ്ങൾ ശക്തമാക്കാൻ ഇടയാക്കി. രശ്മികയുടെ പിറന്നാളിൽ ഇരുവരും ഒരുമിച്ചായിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു രശ്മികയുടെ ജന്മദിനം. ഒമാനിലെ സലാലയിലാണ് നടി തന്റെ പിറന്നാൾ ആഘോഷിച്ചത്.