ഏഴിലും ഒൻപതിലും തോറ്റു, കഠിനാദ്ധ്വാനത്തിലൂടെ സൂപ്പർസ്റ്റാറായി; പാലത്തിൽ നിന്ന് ചാടിയ മലയാളികളുടെ പ്രിയതാരത്തെപ്പറ്റി ആലപ്പി അഷ്റഫ്
മലയാളിയല്ലെങ്കിൽ പോലും മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ നടനാണ് അല്ലു അർജുൻ. ചടുലമായ അഭിനയ ശൈലിക്കൊപ്പം ഡാൻസും ആക്ഷനും എല്ലാം കൂടെ ചേർന്നപ്പോൾ ചെറുപ്പക്കാർക്കിടയിൽ അല്ലു അർജുൻ വലിയ സ്റ്റാർ ആയി. അദ്ദേഹത്തിന്റെ ജിവിതത്തിൽ സംഭവിച്ച അധികമാർക്കുമറിയാത്ത കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
പഠിത്തത്തിൽ വളരെ മോശം പ്രകടനമായിരുന്നു അല്ലു കാഴ്‌ചവച്ചത്. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഠിനാദ്ധ്വാനവും ഭാഗ്യവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് അത്യുന്നതങ്ങളിൽ എത്തിച്ചേരാൻ അല്ലുവിനായെന്ന് ആലപ്പി അഷ്റഫ് പറയുന്നു. 'അല്ലു അർജുന്റെ പല സിനിമകളുടെയും ഷൂട്ടിംഗ് കേരളത്തിലും നടക്കാറുണ്ട്. അതിൽ അഞ്ച് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ചുമതല വഹിച്ചിരുന്നത് മലയാളത്തിലെ സീനിയർ കൺട്രോളറായിരുന്ന കബീറായിരുന്നു. അല്ലു സെറ്റിൽ വന്നുകഴിഞ്ഞാൽ വെറും പൂച്ചയെപ്പോലെയാണെന്നാണ് കബീർ പറയുന്നത്. തന്റെ കാര്യം നോക്കി, ഒതുങ്ങി ഏതെങ്കിലും മൂലയിൽ ഇരിക്കും. വളരെ അടക്കവും ഒതുക്കവുമുള്ള, സംവിധായകനെ അനുസരിക്കുന്ന പാവം മനുഷ്യനാണ് അല്ലു.'- ആലപ്പി അഷ്റഫ് പറഞ്ഞു.
അല്ലു പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതിനെപ്പറ്റിയും അഷ്റഫ് പറയുന്നുണ്ട്. 'അല്ലുവിന്റെ വരൻ എന്ന ചിത്രത്തിൽ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽ പാലത്തിൽ നിന്നും നായികയ്‌ക്കൊപ്പം പുഴയിലേക്ക് ചാടി. വില്ലന്മാരിൽ നിന്ന് രക്ഷപ്പെടുന്ന രംഗം ഷൂട്ട് ചെയ്യുകയായിരുന്നു."- അദ്ദേഹം വ്യക്തമാക്കി.