സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറലാകുന്നു

Saturday 10 May 2025 12:12 PM IST

ലക്‌നൗ: കാട്ടാനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ വനമേഖലയിൽ നിന്നുളളതാണ് ദൃശ്യങ്ങൾ. കാനഡയിൽ നിന്നുളള ട്രാവൽ കണ്ടന്റ് ക്രിയേ​റ്ററായ നോളൻ സൗമുരെയാണ് ഇൻസ്​റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിട്ടുളളത്. വീഡിയോയ്ക്ക് ഇതിനകം തന്നെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്.

പുറത്തുവന്ന ദൃശ്യങ്ങളിൽ ആദ്യം നോളൻ റോഡിന്റെ ഒരു വശത്ത് നിൽക്കുന്ന കാട്ടാനയെ കാണിക്കുന്നുണ്ട്. കാട്ടാനയ്ക്ക് മുൻപിലൂടെ നോളൻ ബൈക്കിൽ കടന്നുപോകുന്നതും കാണിക്കുന്നുണ്ട്. നിമിഷങ്ങൾക്കുളളിൽ മ​റ്റൊരു യുവാവ് സ്‌കൂട്ടറിൽ എത്തുന്നു. ആനയെ കണ്ടതോടെ യുവാവ് സ്‌കൂട്ടർ നിർത്തുന്നു. യുവാവിന് മുന്നിലേക്ക് ആന പാഞ്ഞടുക്കുകയാണ്. നിമിഷങ്ങൾ കൊണ്ട് യുവാവ് സ്‌കൂട്ടർ വളച്ച് രക്ഷപ്പെടുകയാണ്. പേടിച്ച് വിറച്ച യുവാവ് നോളന് അടുത്തേക്ക് വരുന്നതാണ് വീഡിയോയിലുളളത്. സംഭവം കൃത്യമായി എവിടെയാണ് നടന്നതെന്ന് പുറത്തുവന്നിട്ടില്ല. ആയിരക്കണക്കിന് പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.