പെടയ്‌ക്കണ് മത്സ്യവില

Sunday 11 May 2025 12:23 AM IST

കോട്ടയം : ഈസ്റ്ററിന് ശേഷം കുറയുമെന്ന പ്രതീക്ഷിച്ച മത്സ്യവില പിടിവിട്ട് മുകളിലേക്ക്. വേനൽ ചൂടിനെത്തുടർന്ന് മീനിന്റെ ലഭ്യത കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമായി വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട്, ആന്ധ്ര, പോണ്ടിച്ചേരി, ഒറീസ സംസ്ഥാനങ്ങളിലെ ട്രോളിംഗും തിരിച്ചടിയായി. ഈസ്റ്ററിന് ഒരാഴ്ച മുമ്പ് 380, 400 രൂപയ്ക്ക് വിറ്റിരുന്ന ഒരു കിലോ തളയുടെ വില ഇപ്പോൾ 580, 600 രൂപയായി. 300, 380 രൂപയായിരുന്ന കേരയുടെ വില 580 ആണ്. രണ്ട് മാസം മുമ്പ് 250 ലേക്ക് താഴ്ന്ന ചെമ്മീൻ വില 500 കടന്നു. വില ഉയർന്നതോടെ കാളാഞ്ചി, നെയ്‌മീൻ എന്നിവ ചെറുകിട വ്യാപാരികൾ ഒഴിവാക്കി. ഒരുമാസം മുൻപ് ഒന്നരക്കിലോ ചെറിയ മത്തിയ്ക്ക് 100 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഒരു കിലോ ചെറിയ മത്തിയുടെ കുറഞ്ഞ വില 140 ആയി.

വില ഇങ്ങനെ മോത : 620 വറ്റ, വിളമീൻ : 800 തള : 600 ചെമ്മീൻ : 500 മത്തി : 140 കിളി : 260 അയല : 240

വില്പനയും പകുതിയായി വില ഉയർന്നത് വില്പനയെ ബാധിച്ചതായും കച്ചവടക്കാർ പറയുന്നു. പലരും ചെറുമീനുകളിലേക്ക് മാറി. ചിലർ തൂക്കം കുറച്ചാണ് വാങ്ങുന്നത്. കായൽ, വളർത്തുമീനുകളുടെ വിലയിലും മാറ്റങ്ങളുണ്ടായി. തിലോപ്പിയ, രോഹു, കട്‌ല, വാള എന്നിവക്കെല്ലാം 200 രൂപക്ക് മുകളിലാണ് വില. പലതും കിട്ടാനുമില്ല. മാലിന്യം നിറഞ്ഞതോടെ വേമ്പനാട്ട് കായലിൽ നിന്നുള്ള മത്സ്യലഭ്യതയും കുറഞ്ഞു.

കാലവർഷം ശക്തിപ്രാപിക്കുന്നതോടെ മീൻ ലഭ്യത വർദ്ധിക്കും. ഇതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.

(കച്ചവടക്കാർ)