കുമരകത്തെ ജലാശയങ്ങളിൽ... തിങ്ങിനിറഞ്ഞ് പോള, ജീവിതമാകെ ദുരിതം
കുമരകം : മുത്തേരിമടയാറോ, അതോ പച്ച വിരിച്ച മൈതാനമോ? ആര് കണ്ടാലും ഒന്ന് ശങ്കിച്ചുപോകും. കാരണം അത്രത്തോളം പോള പുതച്ച് കിടക്കുകയാണ്. വള്ളവും ബോട്ടുമൊക്കെ എങ്ങനെ മുന്നോട്ട് നീങ്ങും! കുമരകത്തെ വിനോദസഞ്ചാരമേഖലയിൽ ജോലി ചെയ്യുന്നവരും, ഉപജീവനത്തിനായി പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുമൊക്കെ ദുരിതത്തിലാണ്. തണ്ണീർമുക്കം ഷട്ടർ തുറക്കുമ്പോൾ ഉപ്പുവെള്ളം കയറി പോള ചീഞ്ഞ് പോവുകയാണ് പതിവ്. എന്നാൽ ശക്തമായ മഴയിൽ ഷട്ടർ തുറന്നതിനാൽ പോള ഒഴുകിപ്പോകാതെ കൂടുതൽ തിങ്ങി വളരാൻ ഇടവരുത്തി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കരകളോട് ചേർന്ന ഭാഗത്തെ പോള വാരി മാറ്റി തള്ളിവിട്ടാൽ ഒഴുകി കായലിലെത്തി നശിച്ചുപോകും. കുമരകത്തെ വിവിധ പ്രദേശങ്ങളിലെ തോടുകളിലും സമാനസ്ഥിതിയാണ്. പോള ചീഞ്ഞളിഞ്ഞതോടെ തോട്ടിലെ വെള്ളം പൂർണ്ണമായും മലിനമായി. ഇത് കടുത്ത രോഗഭീതിയാണ് ഉയർത്തുന്നത്. വെള്ളത്തിലിറങ്ങുന്നവർക്ക് ത്വക്ക് രോഗങ്ങളും കണ്ണിൽ നീറ്റലും അനുഭവപ്പെടുന്നതായി പരാതിയുണ്ട്. പോളപ്പൂവ് വസന്തം കാണാനും കാഴ്ചക്കാരേറെയായിരുന്നു. എന്നാൽ മഴ ശക്തി പ്രാപിച്ചതോടെ പൂക്കൾ കൊഴിഞ്ഞു പോയി.
മത്സ്യസമ്പത്തിനും ഭീഷണി
പോള തിങ്ങി നിറയുന്നത് മത്സ്യ പ്രജനനത്തിനും, മത്സ്യസമ്പത്തിനും ഭീഷണിയാകുമെന്ന ആശങ്കയിലാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. മത്സ്യങ്ങൾ വെള്ളത്തിന് മുകളിലേക്കെത്തിയാണ് ജലസസ്യങ്ങളിലും മറ്റുമായി മുട്ടയിടുന്നത്.വായു സഞ്ചാരം പോലും ലഭിക്കാത്ത വിധത്തിൽ പോള തിങ്ങി നിറഞ്ഞതിനാൽ ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കാതെ മീൻകുഞ്ഞുങ്ങൾ അധികവും ചത്തു പോകും. മത്സ്യത്തൊഴിലാളികളുടെ വലകളിൽ പോളയും പായലും പുല്ലും കുടുങ്ങി വലകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നു. മറ്റു വഴിയില്ലാതെ മത്സ്യബന്ധനം ഉപേക്ഷിച്ച് തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരുമേറി.
ഓരുമുട്ടുകൾ നീക്കിയില്ല, മാലിന്യം നിറഞ്ഞു
ഉപ്പുവെള്ളം എത്താതിരിക്കാൻ സ്ഥാപിച്ച ഓരുമുട്ടുകൾ നീക്കാത്തത് മാലിന്യ പ്രശ്‌നം ഗുരുതരമാക്കി. കരിയാർ സ്പിൽവേ ഷട്ടറുകൾ ഒരു മാസമായിട്ടും തുറന്നില്ല. അതേസമയം മീനച്ചിലാറ്റിൽ താഴത്തങ്ങാടി,പാറമ്പുഴ, പൂവത്തുംമൂട് ഭാഗങ്ങളിൽ ഓരു മുട്ടുകൾ സ്ഥാപിക്കാത്തതിനാൽ ഉപ്പുവെള്ള ഭീഷണിയുണ്ട്. വേലിയേറ്റം ശക്തമായാൽ ഉപ്പുവെള്ളം ഒഴുകി എത്തി പമ്പിംഗിനെ ബാധിക്കും. കുടിവെള്ള വതരണവും പ്രതിസന്ധിയിലാകും.
''തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും മത്സ്യ ലഭ്യത കൂടാത്തത് ആദ്യമാണ്. ഓരുമുട്ടുകൾ നീക്കം ചെയ്യാത്തതിനാൽ പായലും പോളയും പല സ്ഥലത്തും നിറഞ്ഞു കിടന്നു ദുർഗന്ധം പരത്തുന്നു. മീനുകൾ ചത്തുപൊങ്ങുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
സദാനന്ദൻ (മത്സ്യത്തൊഴിലാളി )