'കരച്ചിൽ നിർത്തൂവെന്ന് ടോയ്‌ലറ്റിൽ സ്റ്റിക്കർ പതിച്ചു', കമ്പനി തന്നെ പിരിച്ചുവിട്ടതായി യുവതി

Saturday 10 May 2025 5:39 PM IST

ഒട്ടാവ: ഓഫീസിൽ ചെയ്ത ഒരു ഏപ്രിൽ ഫൂൾ കാരണം ജോലി നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. ടോയ്‌ലറ്റിൽ ഒരു സ്റ്റിക്കർ പതിച്ചതാണ് യുവതിയു‌ടെ ജോലി നഷ്ടമാകാൻ കാരണമായത്. 'ജോലിയിലേയ്ക്ക് തിരികെ പ്രവേശിക്കുന്നതിന് മുൻപ് ജീവനക്കാർ കരച്ചിൽ നിർത്തണം' എന്ന സ്റ്റിക്കറാണ് യുവതി ടോയ്‌ലറ്റിനുള്ളിലെ കണ്ണാടിയിൽ പതിച്ചത്. കനേഡിയൻ യുവതിയാണ് സ്റ്റിക്കർ ഒട്ടിച്ചതിന്റെ പേരിൽ കമ്പനി തന്നെ പിരിച്ചുവിട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമക്കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

'സ്റ്റിക്കർ പതിച്ചതിന് പിറ്റേദിവസം കമ്പനിയുടമ തന്നെ പിരിച്ചുവിട്ടതായി അറിയിച്ചപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല. ഏപ്രിൽ ഫൂളിന് ചെയ്ത ഒരു തമാശ മാത്രമായിരുന്നു അത്. ഇത്തരമൊരു തമാശ ചെയ്യുമെന്ന് പറഞ്ഞപ്പോൾ എച്ച് ആർ ഓഫീസർ അനുമതിയും തന്നിരുന്നു. മാത്രമല്ല, ഏത് ടോയ്‌ലറ്റിലാണ് സ്റ്റിക്കർ പതിക്കേണ്ടത് എന്നുപോലും പറഞ്ഞുതന്നു.

എന്നാൽ പിറ്റേദിവസം ജോലിക്കെത്തിയപ്പോൾ എന്റെ സാധനങ്ങൾ അവിടെനിന്ന് മാറ്റിയിരുന്നു. ഉടൻതന്നെ ബോസിന്റെ ക്യാബിനിലെത്തി പ്രാങ്ക് ചെയ്തതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ തയ്യാറല്ല. കമ്പനിയിലെ പത്ത് മാസം നീണ്ട ജോലിക്കിടയിൽ ഒരിക്കൽ പോലും അച്ചടക്ക നടപടിക്ക് വിധേയയായിട്ടില്ല. പിരിച്ചുവിടൽ എന്റെ ഹൃദയം തകർത്തു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ബോസ് എന്റെ മുന്നിൽവച്ച് കരഞ്ഞു. അതെനിക്ക് വിചിത്രമായി തോന്നി. ഞാനെന്താണ് ചെയ്യേണ്ടത്? ലേബർ ബോർഡിനെ സമീപിക്കണോ'?- എന്നാണ് യുവതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.