'ആരാധനാലയങ്ങള്‍ ആക്രമിച്ചിട്ടില്ല, പാകിസ്ഥാന്‍ നടത്തിയത് വ്യാജ പ്രചാരണങ്ങള്‍'; വെടിനിര്‍ത്തല്‍ പിന്തുടരാന്‍ സൈന്യം

Saturday 10 May 2025 7:20 PM IST

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ഇന്ത്യ പിന്തുടരുമെന്ന് കമ്മഡോര്‍ രഘു ആര്‍ നായര്‍. നിര്‍ദേശം പാലിക്കാന്‍ കര,വ്യോമ, നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും പാകിസ്ഥാനിലെ ആരാധനാലയങ്ങള്‍ ആക്രമിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ നിരവധി കള്ളപ്രചാരണങ്ങള്‍ നടത്തിയെന്നും എന്നാല്‍ എല്ലാം ഇന്ത്യ പൊളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സൈനിക ശക്തി എന്താണെന്ന് പാകിസ്ഥാന് മനസ്സിലായെന്നും ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ യുദ്ധ വിമാനം വെടിവച്ചിട്ടുവെന്നത് ഉള്‍പ്പെടെയുള്ള പാക് അവകാശവാദങ്ങള്‍ വെറും പൊള്ളയാണ്. പാകിസ്ഥാനില്‍ ഇന്ത്യ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിര്‍സ, ജമ്മു, പത്താന്‍കോട്ട്, ഭട്ടിന്‍ഡ, നാലിയ വ്യോമതാവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന വാദവും ഇന്ത്യ തള്ളി.

പാകിസ്ഥാന്‍ തങ്ങളുടെ ജെഎഫ് 17 ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ച് ഇന്ത്യയുടെ എസ് 400, ബ്രഹ്‌മോസ് മിസൈല്‍ ബേസ് എന്നിവ തകര്‍ത്തുവെന്ന അവകാശവാദം തെറ്റാണെന്ന് കമ്മഡോര്‍ രഘു ആര്‍ നായര്‍, വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ വ്യക്തമാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.