തരുൺമൂർത്തിക്ക് മോഹൻലാലിന്റെ ഓപ്പൺ ഡേറ്റ്

Sunday 11 May 2025 5:36 AM IST

സംവിധായകൻ തരുൺ മൂർത്തിക്ക് ഓപ്പൺ ഡേറ്റ് നൽകി മോഹൻലാൽ. ശക്തമായ തിരക്കഥകൾ ലഭിച്ചാൽ ഭാവിയിൽ കൂടുതൽ സിനിമകൾമോഹൻലാലുമായി ഉണ്ടാകുമെന്ന് തരുൺമൂർത്തി വ്യക്തമാക്കി. തരുൺമൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും ഇപ്പോഴും തിയേറ്ററിൽ മികച്ച കളക്‌ഷനിൽ മുന്നേറുന്നു. മോഹൻലാൽ - ശോഭന എവർഗ്രീൻ താരജോഡികളെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ. പ്രതിനായകനായി എത്തിയ പ്രശസ്ത പരസ്യചിത്ര സംവിധായകൻ പ്രകാശ്‌വർമ്മ അവതരിപ്പിച്ച ജോർജ് സാർ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ബെന്നി എന്ന കഥാപാത്രമായി എത്തിയ ബിനു പപ്പു മിന്നുന്ന പ്രകടനം കാഴ്ചവച്ചു. സിനിമയുടെ ചിത്രസംയോജകൻ അകാലത്തിൽ വിടപറഞ്ഞ നിഷാദ് യൂസഫ് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. അർജുൻ അശോകനാണ് അതിഥി വേഷത്തിൽ എത്തിയ മറ്റൊരു താരം. ഇർഷാദ്, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് നിർമ്മാണം.